തിരുവനന്തപുരം: രണ്ടുവർഷമായി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേസ് ലിമിറ്റഡിന്റെ മൈനുകൾ അടഞ്ഞുകിടക്കുന്നതിനാൽ കമ്പനിയുടെ പ്രവർത്തനം നിറുത്തിവച്ചു. ഫാക്ടറിയുടെ പ്രവർത്തനത്തിന് ആവശ്യമായ അസംസ്‌കൃത വസ്‌തുവായ ചൈന ക്ലേ കമ്പനി വക മൈനുകളിൽ നിന്നാണ് ലഭിച്ചിരുന്നത്. പുറമേ നിന്ന് ഗുണമേന്മയുള്ള ക്ലേ ലഭിക്കുന്നില്ല. മൈനുകളുടെ പ്രവർത്തനം തുടങ്ങുന്നതിനായി സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂലമായ സഹകരണം കിട്ടിയില്ലെന്ന് അധികൃതർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഫാക്ടറിയുടെ പ്രവർത്തനം നടത്തിക്കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് താത്കാലികമായി പ്രവർത്തനം നിറുത്തുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു. രാവിലത്തെ ഷിഫ്റ്റിൽ ജോലിക്ക് കേറാനായി ജീവനക്കാർ എത്തിയപ്പോഴാണ് ഫാക്ടറി അടച്ചതായുള്ള നോട്ടീസ് കണ്ടത്. ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കമ്പനി പൂട്ടിയതോടെ തൊഴിലാളികൾ ആശങ്കയിലായി. ക്ലേ ഖനനം അടക്കമുള്ള വിഷയങ്ങളിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കേൾക്കുകയോ കമ്പനി പൂട്ടുന്നതിന് മുമ്പായി അറിയിക്കുകയോ ചെയ്‌തില്ലെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു. 2019 - 20 വർഷത്തെ ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് ക്ലേ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)​ സെക്രട്ടറി ഡി. രത്നകുമാർ ആവശ്യപ്പെട്ടു.

ന‌ടപടി പ്രതിഷേധാർഹം: പ്രേമചന്ദ്രൻ എം.പി

തിരുവനന്തപുരം: വേളിയിലെയും തോന്നയ്ക്കലിലെയും ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറികൾ അടച്ചുപൂട്ടാൻ ഇടയാക്കിയ സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി എംപ്ലോയീസ് യൂണിയൻ (യു.ടി.യു.സി) പ്രസിഡന്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കമ്പനി അടച്ചുപൂട്ടാൻ ഒത്താശ ചെയ്‌ത സർക്കാർ നയം തൊഴിലാളി ദ്രോഹമാണ്. നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ പാലിച്ച് കളിമണ്ണ് ഖനനത്തിന് അവസരമുണ്ടാക്കാമായിരുന്നിട്ടും ഖനനം തടസപ്പെടുത്തുകയാണ്. ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിച്ചുചേർത്ത് കമ്പനിയുടെ തുടർപ്രവർത്തനം ഉറപ്പാക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.