exice

ആര്യനാട്: സ്വന്തമായി ഒരു ഓഫീസ് മന്ദിരമെന്ന ആര്യനാട് എക്സൈസ് ഉദ്യോഗസ്ഥരുടെ ഏറെക്കാലത്തെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. സ്ഥലം നൽകാനുള്ള ഗ്രാമപഞ്ചായത്തുകളുടെ മത്സരത്തിനൊടുവിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഏലിയാവൂർ മാർക്കറ്റിനുള്ളിൽ കെട്ടിടത്തിന്റെ അടിസ്ഥാന നിർമ്മാണം നടക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ മാസങ്ങൾക്കുള്ളിൽ കെട്ടിടം പണി പൂർത്തിയാക്കാൻ കഴിയും. നേരത്തെ നിരവധി തവണ എക്സൈസ് വകുപ്പ് ആര്യനാട് ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും അനുയോജ്യമായ സ്ഥലം കിട്ടിയില്ലെന്ന കാരണത്താൽ കെട്ടിട നിർമ്മാണം അനന്തമായി നീളുകയായിരുന്നു.

ഇതോടെ എക്സൈസ് അധികൃതർ റേഞ്ചിന് കീഴിലുള്ള വില്ലേജ് ഓഫീസുകളിൽ സ്ഥലമന്വേഷിച്ച് കത്ത് നൽകി. തുടർന്ന് ഉഴമലയ്ക്കൽ പഞ്ചായത്ത് ഏലിയാവൂർ മാർക്കറ്റിലും ആര്യനാട് പഞ്ചായത്ത് ആനന്ദേശ്വരത്തും സ്ഥലം അനുവദിച്ചു. പരിശോധനയിൽ ഉഴമലയ്ക്കൽ അനുയോജ്യമാണെന്ന് കാണിച്ച് ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് റിപ്പോർട്ടും നൽകി. ഇതിനിടയിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹിം സ്ഥലം വിട്ടുനൽകാമെന്ന പഞ്ചായത്ത് റെസല്യൂഷൻ പാസാക്കി എക്സൈസിന്റെ ഉന്നതങ്ങളിൽ ഇടപെട്ടപ്പോൾ ഓഫീസ് ഉഴമലയ്ക്കൽ പഞ്ചായത്തിൽ അനുവദിക്കാൻ ധാരണയായി. തുടർന്ന് സ്ഥലം നൽകലും കൈമാറ്റം ചെയ്യലും ദ്രുതഗതിയിൽ പൂർത്തിയാക്കി. നടപടിക്രമങ്ങൾ കഴിഞ്ഞ് കെട്ടിട നിർമ്മാണത്തിനുള്ള ഭരണാനുമതിയും പി.ഡബ്ല്യു.ഡിയുടെ സാങ്കേതിക അനുമതിയും ലഭിച്ചതോടെ ടെൻഡർ നടപടികളും പൂർത്തിയാക്കി. പണി തുടങ്ങുന്നതിനായി സ്ഥലം വൃത്തിയാക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്നു. പുതിയ മന്ദിരം വരുന്നതോടെ ഏറെക്കാലമായി ആര്യനാട് പ്രവർത്തിച്ചിരുന്ന എക്സൈസ് ഓഫീസിന് ഉഴമലയ്ക്കൽ ആസ്ഥാനമാകും.


നടക്കാതെ പോയ പദ്ധതി

വർഷങ്ങൾക്ക് മുൻപ് എക്സൈസ് വകുപ്പിന് ഓഫീസ് നിർമ്മിക്കാൻ ആര്യനാട് പഞ്ചായത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുൻവശത്ത് 10 സെന്റ് സ്ഥലം നൽകിയിരുന്നു. കെട്ടിടം നിർമ്മിക്കാൻ 91 ലക്ഷം രൂപയും സർക്കാർ ഫണ്ടും അനുവദിച്ചു. എന്നാൽ റവന്യൂ രേഖകളിൽ ഈ സ്ഥലം കുളം എന്നുള്ളതിനാൽ കെട്ടിടം നിർമ്മിക്കാൻ കഴിയില്ലെന്ന് സർക്കാർ എക്സൈസിനെ അറിയിച്ചു. ഇതോടെ കെട്ടിട നിർമ്മാണം വെള്ളത്തിലായി. എന്നാൽ ഇതേ സ്ഥലത്താണിപ്പോൾ കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി ഓഫീസുകളും കെ.എസ്.ഇ.ബി മിനി സബ്സ്റ്റേഷനും സ്ഥാപിച്ചത്.


ആര്യനാട് എക്സൈസ് ഓഫീസ് ആരംഭിച്ചത് 2007 ൽ

 ഏലിയാവൂർ മാർക്കറ്റിനുള്ളിൽ നൽകിയത് 13.5 സെന്റ്

നിർമ്മിക്കുന്നത് ഒരു നില കെട്ടിടം

കെട്ടിടനിർമ്മാണം 1560 സ്ക്വയർ ഫീറ്റിൽ

എസ്റ്റിമേറ്റ് തുക - 70 ലക്ഷം രൂപ