thakarnna-nilayil

കല്ലമ്പലം: ശക്തമായ കാറ്റിലും മഴയിലും മണമ്പൂർ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലും നാവായിക്കുളം പഞ്ചായത്തിലെ കടംബാട്ടുകോണം, പുതുശ്ശേരിമുക്ക് എന്നിവിടങ്ങളിലും വ്യാപക നാശം.

മണമ്പൂർ വലിയവിളയിൽ എസ്.എസ്. മൻസിലിൽ ഷംസുദിന്റെ വീട്ടിലെ കുളിമുറിയും വാട്ടർടാങ്കും കിണറും പൂർണമായും തകർന്നു. കുടുംബാംഗങ്ങൾ വീടിനുള്ളിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏകദേശം രണ്ടരലക്ഷത്തോളം രൂപയുടെ നഷ്‌ടമുള്ളതായി വീട്ടുകാർ പറഞ്ഞു.

സമീപ പ്രദേശങ്ങളിൽ വാഴ, റബർ, മരച്ചീനി തുടങ്ങിയവയ്ക്കും നാശം സംഭവിച്ചു. പല വീടുകളിലേയും മതിലുകൾ ഭാഗികമായി തകർന്നു . പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നാവായിക്കുളം കടംബാട്ടുകോണം ചാവരഴികത്ത്‌ വീട്ടിൽ രാമചന്ദ്രന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. നാവായിക്കുളം വില്ലേജാഫീസർ സ്ഥലം സന്ദർശിച്ചു. പുതുശ്ശേരിമുക്ക് ഇടവൂർക്കോണം പുതുവൽവിള വീട്ടിൽ നബീസാബീവിയുടെ വീട്ടുമുറ്റത്തെ കിണറിൽ മണ്ണിടിഞ്ഞു വീണ് കിണർ ഭാഗികമായി തകർന്നു. കുടവൂർ വില്ലേജാഫീസർ സ്ഥലം സന്ദർശിച്ചു.