നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ ഇന്നലെ നടന്ന അടിയന്തര റാപ്പിഡ് ടെസ്റ്റിൽ പനവൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർക്കും ചുള്ളിമാനൂർ സ്വദേശിയായ 35 കാരനും കൊവിഡ് പോസിറ്റീവായി. ആട്ടോ ഡ്രൈവർമാർ, രോഗലക്ഷണ സാദ്ധ്യതയുള്ളവർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവരുൾപ്പടെ 64 പേർക്കാണ് ആനാട് ബഡ് സ്ക്കൂളിൽ പരിശോധന നടത്തിയത്. ചുള്ളിമാനൂർ സ്വദേശിയുമായി സമ്പർക്കം പുലർത്തിയിട്ടുള്ള കടകൾ അടച്ചിടാനും കടയുടമകളും മറ്റും ക്വാറന്റൈനിൽ പോകാനുമുള്ള നിർദ്ദേശം നല്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.

നെടുമങ്ങാട്ട് തട്ടുകടകൾ ഉച്ചവരെ മാത്രം

നെടുമങ്ങാട് നഗരസഭ പരിധിയിലേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. വഴിയോരക്കച്ചവടം, മാർക്കറ്റ് എന്നിവ പ്രവർത്തനം പുനരാരംഭിക്കും. തട്ടുകടകളും വഴിയോര കച്ചവടവും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളു. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും മാർക്കറ്റ് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെയും പ്രവർത്തിക്കാം. ഉണക്കമീൻ വിൽപ്പന നഗരസഭ പരിധിയിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് വിൽപ്പന നടത്തിയാൽ കർശന നടപടി കൈകൊള്ളുമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും സെക്രട്ടറി സ്റ്റാലിൻ നാരായണനും അറിയിച്ചു.