തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ മദ്യപിച്ച് കാറോടിച്ചതിന് പൊലീസ് പിടിച്ചപ്പോൾ, കാറിൽ നിന്ന് പണമടങ്ങിയ ബാഗ് കടത്തിയ ബന്ധുവും പൊലീസ് സംഘടനാ ഭാരവാഹിയുമായ ചന്ദ്രശേഖരനെ രക്ഷിക്കാൻ നീക്കം.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവും ഗ്രേഡ് എസ്.ഐയുമായ ചന്ദ്രശേഖരന് സന്ദീപ് നായരുമായി ഉറ്റബന്ധമുണ്ടായിരുന്നെന്ന് വകുപ്പുതല അന്വേഷണത്തിൽ ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗുരുദിൻ ഉറപ്പിച്ചിരുന്നു.ഇദ്ദേഹത്തിനെതിരെ അച്ചടക്കനടപടിയെടുക്കണമെന്നും ഇടപെടലിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ശുപാർശ ചെയ്യുന്ന റിപ്പോർട്ട് പൊലീസ് മേധാവി, സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് കൈമാറി. വ്യക്തത കുറവാണെന്ന് പറഞ്ഞ് കമ്മിഷണർ റിപ്പോർട്ട് ഡി.ഐ.ജി ഗുരുദിന് തിരിച്ചയച്ചു. റിപ്പോർട്ട് ഡി.ഐ.ജിയെക്കൊണ്ടു തന്നെ തിരുത്തിക്കാനാണിത്. റിപ്പോർട്ട് ഇതിനകം പുറത്തായതിനാൽ തിരുത്തൽ പറ്റില്ലെന്ന നിലപാടെടുത്ത ഡി.ഐ.ജി ഗുരുദിനെ തൽസ്ഥാനത്തു നിന്ന് മാറ്റാനും ശ്രമമുണ്ട്.
അതേസമയം, സിറ്റി പൊലീസിൽ ജോലി ചെയ്യുന്ന ചന്ദ്രശേഖരനെതിരെ നടപടിയെടുക്കാനാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറിയതെന്നാണ് പൊലീസ് ആസ്ഥാനം വിശദീകരിക്കുന്നത്. കഴിഞ്ഞ മാസം 10നാണ് മണ്ണന്തല പൊലീസ് സന്ദീപിനെ പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ബെൻസ് കാറിൽ രണ്ടായിരത്തിന്റെ നോട്ടുകൾ നിറച്ച ബാഗാണ് പൊലീസ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പാഞ്ഞെത്തിയ ചന്ദ്രശേഖരൻ ബാഗ് കടത്തി. സന്ദീപിനെ വൈദ്യപരിശോധന നടത്തി തിരിച്ചെത്തിക്കും മുൻപ് നേതാവ് സ്റ്റേഷനിലെത്തി. കാറിന്റെ രേഖകൾ ശരിയായിരുന്നില്ല. എന്നിട്ടും നേതാവിന്റെ സമ്മർദ്ദത്തിൽ കാറും ബാഗും വിട്ടുനൽകി. സ്വന്തം ജാമ്യത്തിൽ വിടണമെന്ന നേതാവിന്റെ ശുപാർശ സി.ഐ അംഗീകരിച്ചില്ല. തുടർന്ന് മറ്റൊരാളെയെത്തിച്ച് സന്ദീപിനെ ജാമ്യത്തിലിറക്കി. സന്ദീപിനെ ശാസിക്കാനാണ് സ്റ്റേഷനിലെത്തിയതെന്നാണ് നേതാവ് ഡി.ഐ.ജിക്ക് മൊഴി നൽകിയത്. ഫോൺ വിളികൾ പരിശോധിച്ചപ്പോൾ സ്റ്റേഷനിൽ പലവട്ടം വിളിച്ചെന്നും പിന്നീട് നേരിട്ടെത്തി വാഹനം വിട്ടുനൽകാൻ നിർബന്ധിച്ചെന്നും കണ്ടെത്തി.
ചന്ദ്രശേഖരൻ ഔദ്യോഗികപദവി ദുരുപയോഗിച്ചതിനാൽ രേഖകൾ പരിശോധിക്കാതെ വാഹനം വിട്ടയച്ചെന്നും, ജാമ്യം നേടാൻ പൊലീസുകാരെ നേതാവ് സമ്മർദ്ദത്തിലാക്കിയെന്നും ഡി.ഐ.ജി കണ്ടെത്തിയിരുന്നു. പൂനെയിലെ വ്യവസായിയായ മലപ്പുറത്തുകാരന്റെ കാർ, നികുതി അടയ്ക്കാതെയാണ് ഓടിച്ചത്. നേതാവിന്റെ വാക്ക് കേട്ട് കാർ വിട്ടുനൽകിയ മണ്ണന്തല എസ്.ഐയും കുരുക്കിലാണ്.
തിരുത്തലിന് പിന്നിൽ
* കുറ്റക്കാരനായ നേതാവിനെതിരെ നടപടിയെടുത്താൽ എൻ.ഐ.എയും കസ്റ്റംസും ചോദ്യംചെയ്യും
* മറ്റുചില പൊലീസ് സംഘടനാ നേതാക്കൾക്കും സന്ദീപുമായി ബന്ധം
*ആരോപണ വിധേയനൊപ്പം തിരുവനന്തപുരം റൂറൽ പൊലീസിലെ നേതാവും കൊച്ചിയിൽ പോയെന്ന് എൻ.ഐ.എയ്ക്ക് വിവരം കിട്ടി.
* പൊലീസ് നേതാക്കൾ സന്ദീപിനൊപ്പം ബെൻസ് കാറിൽ നഗരത്തിൽ കറങ്ങുന്നതും സന്ദീപിന്റെ ഫ്ലാറ്റിൽ ഒത്തുകൂടുന്നതും പതിവായിരുന്നു.