covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 200 പേരിൽ 183 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. 17പേരുടെ ഉറവിടം വ്യക്തമല്ല.13 ആരോഗ്യപ്രവർത്തകർക്കും ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഏറെ നാൾക്കു ശേഷം സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ തലസ്ഥാനം രണ്ടാമതായെങ്കിലും രോഗികളുടെ എണ്ണം 200 കടന്നത് ആശങ്കയേറ്റുന്നു. മലപ്പുറത്താണ് ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്ക് റിപ്പോർട്ട് ചെയ്‌തത്. 255 പേർക്കാണ് പോസിറ്റീവായത്. അതേസമയം നഗരസഭാ പരിധിയിൽ 51പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്നത് ഭീതി വർദ്ധിപ്പിക്കുന്നു. ഒരു മരണവും തലസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാറനല്ലൂർ സ്വദേശിനിയാണ്(50)മരിച്ചത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ. ഓഫീസ് അടച്ച് അണുവിമുക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ശ്രീകാര്യത്തെ നീലഗിരി സൂപ്പർമാർക്കറ്റിലെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ10 ദിവസത്തിനിടെ സൂപ്പർമാർക്കറ്റ് സന്ദർശിച്ചവർ നിരീക്ഷണത്തിൽ പോകണമെന്ന് ശ്രീകാര്യം പൊലീസ് നിർദ്ദേശം നൽകി. പിന്നാലെ സൂപ്പർ മാർക്കറ്റ് അടപ്പിച്ചു. തിരുവനന്തപുരത്തെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ 288 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. 2800 പരിശോധനയിലാണിത്. നെയ്യാറ്റിൻകര, കള്ളിക്കാട്, വെള്ളറട ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് ക്ലസ്റ്ററുകളാകാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കി. സമ്പർക്ക വ്യാപനം വർദ്ധിക്കുന്ന തിരുവനന്തപുരം റൂറലിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്കും ജാഗ്രതാ നടപടികൾ ശക്തമാക്കാനും ഐ.ജി ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി.

രോഗമുക്തർ-180

 നിരീക്ഷണത്തിലുള്ളവർ-18,885
വീടുകളിൽ-15,076
ആശുപത്രികളിൽ-3,075
കെയർ സെന്ററുകളിൽ -734
പുതുതായി നിരീക്ഷണത്തിലായവർ -1,460