തിരുവനന്തപുരം: ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം 10 ദിവസത്തിനകം ഉണ്ടാകുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ അറിയിച്ചതായി അടൂർ പ്രകാശ് എം.പി. അന്തിമവിജ്ഞാപനം ഇറങ്ങുന്നതോടെ ആറ്റിങ്ങൽ ബൈപ്പാസ് നിർമാണത്തിന് എല്ലാ കടമ്പകളും കഴിഞ്ഞതായും ബൈപ്പാസ് വരുന്നതോടെ ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും എം.പി അറിയിച്ചു.കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള 30.08 കിലോമീറ്റർ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 3എ നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായി . പരാതികളും മറ്റും കേൾക്കുന്നതിനുള്ള സമയപരിധി അവസാനിക്കുകയും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ജൂൺ അവസാന വാരത്തോടെ അന്തിമവിജ്ഞാപനം ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയിരുന്നതായും എന്നാൽ കൊവിഡ് പശ്ചാത്തലത്തിലും ചില കേസുകളിലും നടപടിക്രമങ്ങൾ നീണ്ടുപോയി. കോടതിയുടെ നിർദ്ദേശാനുസരണം ഇന്ന് അലൈൻമെന്റുമായി ബന്ധപ്പെട്ട പരാതി പരിശോധന നടത്തി ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് പത്ത് ദിവസത്തിനകം അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി അടൂർ പ്രകാശ് അറിയിച്ചു.