തിരുവനന്തപുരം: വഞ്ചിയൂർ അഡി. സബ് ട്രഷറിയിൽ തട്ടിപ്പ് നടത്തിയ ബിജുലാലിന്റെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് മജിസ്ട്രേട്ട് കോടതി വാദം കേൾക്കും. ബിജുലാലിനെ ഇന്നുതന്നെ കസ്റ്റഡിയിൽ കിട്ടാനാണ് സാദ്ധ്യത.
ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയും വഞ്ചിയൂർ ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റുമായ ബിജുലാലിന് താൻ പാസ്‌വേഡ‌് കൊടുത്തിരുന്നുവെന്ന് മുൻ ട്രഷറി ഓഫീസർ ക്രൈംബ്രാഞ്ചിന് മുമ്പാകെ അറിയിച്ചു. മാർച്ച് അവസാനം താൻ ഓഫീസിൽ നിന്ന് പുറത്തുപോയി തിരിച്ചുവരാൻ വൈകുമെന്നായപ്പോഴാണ് ഓഫീസിലെ സിസ്റ്രം അക്കൗണ്ട് ക്ലോസ് ചെയ്യാനായി ബിജുലാലിന് പാസ് വേഡ് നൽകിയത്. ഇത് അയാൾ പിന്നീട് ദുരുപയോഗം ചെയ്യുമെന്ന് കരുതിയില്ലെന്ന മുൻ ട്രഷറി ഓഫീസറുടെ വാദത്തിൽ കഴമ്പുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. നേരത്തെ ട്രഷറി ഉദ്യോഗസ്ഥരോടും ഇതേ കാര്യമാണ് മുൻ ട്രഷറി ഓഫീസർ പറഞ്ഞിരുന്നത്. എന്നാൽ, മാദ്ധ്യമ പ്രവർത്തകരോട് ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.
ബിജുലാൽ തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ഭാര്യ സിമി പൊലീസിന് മൊഴി നൽകിയത്. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ് സിമി. കുടുംബ സ്വത്ത് വിൽക്കുന്നതിന്റെ അഡ്വാൻസ് ആയാണ് 5.5 ലക്ഷം രൂപ ബിജുലാൽ നൽകിയതെന്ന് സഹോദരിയും പൊലീസിനോട് പറഞ്ഞു.