വെർച്വൽ ക്യൂ മാത്രം
കൊവിഡ് സർട്ടിഫിക്കറ്റ് വേണം
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഇതിനകം എഴുപത് കോടിയിലേറെ രൂപയുടെ വരുമാനനഷ്ടം നേരിട്ട ശബരിമലയിൽ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് പരിമിതമായ തോതിലെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. വൃശ്ചികം ഒന്നായ നവംബർ പതിനാറിനാണ് മണ്ഡലകാലം തുടങ്ങുന്നത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കേ തീർത്ഥാടനം നടത്താനാവൂ. പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കും.
തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ വഴി ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
കടകളുടെ ലേലം നടക്കാതെപോയാൽ ആ ഇനത്തിൽ അമ്പതുകോടിയോളം രൂപയുടെ നഷ്ടവും നേരിട്ടേക്കാം. ശബരിമലയിലെ വരുമാനനഷ്ടം മറ്റു ക്ഷേത്രങ്ങളുടെ പരിപാലനത്തെയും ബോർഡിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് മണ്ഡലകാല തീർത്ഥാടനത്തിന് തിരുവിതാംകർ ദേവസ്വം ബോർഡ് ഒരുങ്ങുന്നത്.
നിലയ്ക്കലിൽ കൊവിഡ് ചികിത്സയ്‌ക്കെടുത്തിരിക്കുന്ന കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം തീർത്ഥാടന കാലത്തിന് മുൻപായി ഒഴിഞ്ഞു നൽകണം. കടകളുടെ ലേലം കുറയുകയാണെങ്കിൽ കൺസ്യൂമർഫെഡ് പോലുള്ള സർക്കാർ സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കും.
വരുമാന നഷ്ടം 120 കോടി
# പത്ത് ദിവസത്തെ ഉത്സവം : 15 കോടി
# വിഷു ഉത്സവം : 20 കോടി
# 5 മാസത്തെ മാസപൂജ : 35 കോടി
# നിറപുത്തരി : 1 കോടി.
# പലവിധ ലേലങ്ങൾ 40- 50 കോടി
ചെലവ്
ശമ്പളം, പെൻഷൻ മാസം: 50 കോടി
- കഴിഞ്ഞ സീസണിൽ ലഭിച്ച വരുമാനംകൊണ്ടാണ് ഇതുവരെ ബോർഡിൽ ശമ്പളവും പെൻഷനും കൊടുക്കാനായത്. സർക്കാർ വാഗ്ദാനം ചെയ്ത 100 കോടിയിൽ 40 കോടി ലഭിച്ചു. ബാക്കി ലഭിച്ചാൽ രണ്ട് മാസം പിടച്ചു നിൽക്കാനാകും.
എൻ. വാസു, പ്രസിഡന്റ്,
തിരുവിതാംകൂർ ദേവസ്വം ബോർഡ്.