അന്വേഷണത്തിന് അനുമതി തേടിയത് 10 ദിവസം മുമ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് സർക്കാരിലേക്കയച്ച റിപ്പോർട്ട് സെക്രട്ടേറിയറ്റിലെ വിജിലൻസ് വകുപ്പ് പൂഴ്‌ത്തി. ഐ.ടി വകുപ്പിലെ വഴിവിട്ട നടപടികളും സ്‌പ്രിൻക്ലർ, ബെവ്ക്യൂ ആപ് കൺസൾട്ടൻസി ഇടപാടുകളും അന്വേഷിക്കാൻ പത്തു ദിവസം മുമ്പ് സർക്കാരിനോട് അനുമതി ആവശ്യപ്പെട്ടതായി വിജിലൻസ് ആസ്ഥാനം പറയുന്നുണ്ടെങ്കിലും ഇങ്ങനെയൊരു ഫയൽ വിജിലൻസിന്റെ കൂടി ചുമതലയുള്ള ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിന് കിട്ടിയിട്ടില്ല.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എറണാകുളം സ്വദേശി ചെഷൈർ ടാർസൺ എന്നിവരുടെ പരാതികൾ ഫയലിലാക്കിയാണ് സെക്രട്ടേറിയറ്റിലേക്ക് അയച്ചത്. ബെവ്ക്യൂ ആപ്പ് നിർമ്മാണ കരാറിൽ സ്വജനപക്ഷപാതമുണ്ടെന്നും വൈദഗ്ദ്ധ്യമില്ലാത്ത കമ്പനിയെ ചുമതലപ്പെടുത്തിയതിൽ അഴിമതിയുണ്ടെന്നുമാണ് പരാതികളിലൊന്ന്. ബാറുകൾക്ക് പരമാവധി ലാഭമുണ്ടാക്കി, ബിവറേജസിനെ തകർക്കുകയാണെന്നും പരാതി കിട്ടി.
ഐ.ടി വകുപ്പിലെ വഴിവിട്ട നിയമനങ്ങളും കൺസൾട്ടൻസി കരാറുകളും അന്വേഷിക്കണമെന്നാണ് അടുത്തത്. ശിവശങ്കർ ചെയർമാനായ ഐ.ടി ഇൻഫ്രാസ്‌ട്രക്ചറിലെ സ്പേസ് പാർക്ക് പദ്ധതിക്കായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു നൽകിയ കൺസൾട്ടൻസി കരാറിലൂടെയാണ് സ്വപ‌്നാസുരേഷിന് നിയമനം ലഭിച്ചത്.
യോഗ്യതയില്ലാത്ത സ്വപ്നയെ ഒരുലക്ഷത്തിലേറെ രൂപ ശമ്പളത്തിൽ പ്രോജക്ട് മാനേജരായി നിയമിച്ച് 12 മാസം ശമ്പളം നൽകിയതിലൂടെ ഖജനാവിന് നഷ്ടമുണ്ടായതിനാൽ ഇത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരും. സ്വപ്നയുടെ നിയമനം ശിവശങ്കറിന്റെ ശുപാർശയിലാണെന്ന് ചീഫ്സെക്രട്ടറിയുടെ അന്വേഷണസമിതി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണത്തിന് അനുമതി തേടിക്കൊണ്ടുള്ള ഫയൽ ആണ് വിജിലൻസ് വകുപ്പ് ആഭ്യന്തര വകുപ്പിനു കൈമാറാതെ പൂഴ്‌ത്തിയത്.
എന്തിനാണ് അനുമതി
പാർലമെന്റ് പാസാക്കിയ അഴിമതി നിരോധ നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനും അന്വേഷണത്തിനും ഉന്നതാധികാരിയുടെ അനുമതി വേണം. ലഭിക്കുന്ന പരാതികൾ വിജിലൻസ് സർക്കാരിലേക്ക് അയയ്ക്കണം. ആഭ്യന്തര വകുപ്പ് പരിശോധിച്ച് മുഖ്യമന്ത്രിക്ക് ശുപാർശ നൽകണം.
അങ്ങനെയൊരു ഫയൽ ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല.
ടി.കെ.ജോസ്
ആഭ്യന്തര സെക്രട്ടറി