തിരുവനന്തപുരം: കൊവിഡ് കാലത്ത് മാതൃകാപരമായ സേവനത്തിലാണ് ഇന്ത്യൻ ഫുട്‌ബാൾ താരം ജോബി ജസ്റ്റിനും സുഹൃത്തുക്കളും. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വെട്ടുകാട് പ്രദേശത്തെ എസ്.ബി.ഐ, സിൻഡിക്കേറ്റ് ബാങ്ക്, പ്രാഥമികാരോഗ്യ കേന്ദ്രം,മാവേലി സ്റ്റോർ, അക്ഷയ കേന്ദ്രം എന്നിവിടങ്ങളിലെത്തുന്ന ജനങ്ങൾക്ക് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കി സേവനങ്ങൾ നൽകുകയാണ് ഇവരുടെ നേതൃത്വത്തിൽ. ബാങ്കുകളിലും അക്ഷയ കേന്ദ്രത്തിലും പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കി ആവശ്യമായ അപേക്ഷകൾ ഇവർ ജനങ്ങൾക്ക് എഴുതി നൽകും. കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും ഇവർ മുന്നിലുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ മാതൃകാപരമായ സേവനം നടത്തുന്നവരെ മേയർ കെ.ശ്രീകുമാർ അഭിനന്ദിച്ചു. സഹായങ്ങളും നഗരസഭയുടെ പൂർണ പിന്തുണയും മേയർ വാഗ്ദാനം ചെയ്‌തു.