കോവളം: കെ.എസ്‌.എഫ്.ഇയിൽ നവീകരണത്തിന്റെ പേരിൽ നടക്കുന്ന ക്രമക്കേടുകൾക്കെതിരെയും ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും പ്രതിപക്ഷ യൂണിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. നാലു വർഷം മുൻപ് 2.5 രൂപ കോടി മുടക്കി തയ്യാറാക്കിയ സോഫ്റ്റ് വെയർ തിടുക്കത്തിൽ മാറ്റി 100 കോടി ചെലവിട്ട് പുതിയ സോഫ്റ്റ് വെയർ ഉണ്ടാക്കാനുള്ള അനുമതി ചില കടലാസ് കമ്പനിക്ക് നൽകാനുള്ള ശ്രമം, മാനദണ്ഡങ്ങൾ പാലിക്കാതെ 18 കോടി ചെലവിട്ടു നടത്തിയ ഹെഡ് ഓഫീസ് നവീകരണം, കോടികൾ ചെലവിട്ടു നടത്തിയ ബ്രാഞ്ച് നവീകരണം, 67 ലക്ഷം രൂപ ചെലവാക്കിയിട്ടും എങ്ങും എത്താതെ പോയ മൊബൈൽ ആപ്പ് എന്നിവയിലെ അഴിമതി വിജിലൻസ് അന്വഷിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഒരു വർഷമായി മുടങ്ങിക്കിടക്കുന്ന ഡി.എ അനുവദിക്കുക, കാലാവധി കഴിഞ്ഞു നാല് വർഷമാകുന്ന ശമ്പള കരാർ പുതുക്കുക, ബോർഡ് അംഗങ്ങളുടെ അതിരുകവിഞ്ഞ അധികാര പ്രയോഗം അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങളും ഉയർത്തി നടത്തിയ പ്രതിഷേധം പ്രസിഡന്റ് ആന്റോ ആന്റണി എം.പി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മൻസൂർ, ഫൗഷുദീൻ തിരുവനന്തപുരം, മേഖല സെക്രട്ടറി രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി അനസ് തുടങ്ങിയവർ നേതൃത്വം നൽകി.