പാറശാല: പൊഴിയൂരിൽ തകർന്ന കടൽഭിത്തി പുനർ നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ കൂടി അനുവദിച്ചു. നേരത്ത കടൽഭിത്തി നിർമ്മിക്കുന്നതിനായി അനുവദിച്ച 40 ലക്ഷം രൂപ തികയാതെ വന്നതിനെ തുടർന്നാണ് രണ്ടാമതായി ഒരു കോടി രൂപ കൂടെ അനുവദിച്ചത്.
കാലവർഷക്കെടുതികളുടെ ദുരന്ത നിവാരണത്തിന്റെ ഭാഗമായി അടിയന്തര തീരശോഷണ പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലയ്ക്കായി രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. നെയ്യാറ്റിൻകര മണ്ഡലത്തിലെ പൊഴിയൂർ തെക്കേ കൊല്ലങ്കോട് ഭാഗത്ത് കടലാക്രമണത്തിന്റെ ഭാഗമായി തീരം നശിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെടുത്തി അടിയന്തര നടപടി ആവശ്യപ്പെട്ടതിന്റെ ഭാഗമായിട്ടാണ് കടൽഭിത്തി കെട്ടുന്നതിന് വീണ്ടും ഒരു കോടി രൂപ അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പിലാക്കുന്നതിനായി വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ കണ്ടെൻമെന്റ് സോൺ നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് പണി ആരംഭിക്കുന്നതാണെന്ന് കെ. ആൻസലൻ എം.എൽ.എ അറിയിച്ചു.