തിരുവനന്തപുരം: മുഖ്യമന്ത്രിയോട് വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളുന്നയിച്ചതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകരെ സൈബർ ഇടങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അത് സംവാദമാണോ, അഭിപ്രായമാണോ, വിമർശനമാണോ, അധിക്ഷേപമാണോ എന്നെല്ലാം പരിശോധിച്ച ശേഷമേ മറുപടി പറയാനാവൂ. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവരാണ് അധിക്ഷേപം ചൊരിഞ്ഞതെന്ന് വാർത്താലേഖകരുടെ ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ദേഹവും
നിങ്ങളെപ്പോലെ മാദ്ധ്യമപ്രവർത്തകനാണെന്നും നിങ്ങൾ തമ്മിൽ സംവാദമുണ്ടെങ്കിൽ പരസ്പരം സംവദിച്ച് തീർക്കുന്നതാണ് നല്ലതെന്നുമായിരുന്നു മറുപടി.മാദ്ധ്യമപ്രവർത്തകർക്ക് നേരേയുണ്ടായ അധിക്ഷേപം തന്റെ ശ്രദ്ധയിലില്ല. ആരോഗ്യകരമായ സംവാദം നടക്കണം. അത് അനാരോഗ്യ തലത്തിലേക്ക് പോകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇക്കാര്യത്തിൽ പത്രപ്രവർത്തക യൂണിയന്റെ പരാതി ലഭിച്ചിട്ടില്ല.
വ്യക്തിപരമായി ഞാൻ
ആരെയും പറഞ്ഞിട്ടില്ല
വാർത്താസമ്മേളനത്തിൽ താനാരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.. നിങ്ങളാരും വ്യക്തിപരമായി എനിക്കെതിരെ തിരിയുന്നവരാണെന്നും പറഞ്ഞിട്ടില്ല. ഞാൻ ചിലത് പറഞ്ഞിട്ടുള്ളത് നിങ്ങളുടെ കൂട്ടത്തിലുള്ള മാദ്ധ്യമങ്ങളെപ്പറ്റിയാണ്. മാദ്ധ്യമങ്ങളിൽ ചിലതിന് നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. അവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണെന്നാണ് പറഞ്ഞത്.സൈബർ ആക്രമണമെന്നത് ഇല്ലാത്ത കാര്യങ്ങൾ വളച്ചൊടിച്ച് ആളുകളെ ആക്രമിക്കലാണ്. ആരോഗ്യകരമായ വിമർശനമുന്നയിക്കൽ വേറൊന്നാണ്. അഭിപ്രായങ്ങൾ പരസ്പരം വിമർശനപരമായി ഉന്നയിക്കുന്നത് സ്വാഭാവികമാണ്. നിങ്ങൾക്കെന്തെങ്കിലും തെറ്റായി ചിത്രീകരിക്കാനുദ്ദേശ്യമുണ്ടെങ്കിൽ ആ വഴിക്കും പറയണം.
എനിക്കെതിരെ നിങ്ങൾ ആക്ഷേപമുന്നയിക്കുന്നത് ഒരു തവണയല്ല. എത്രയോ കാലമായി. സാധാരണ നിലവാരം വിട്ടുള്ള വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ നിങ്ങൾക്കാർക്കെങ്കിലും അതിന്റെ പേരിൽ വ്യക്തിപരമായ വിഷമമോ പ്രയാസമോ എന്റെയോ, ഞങ്ങളുടെ ആളുകളുടെയോ ഭാഗത്ത് നിന്ന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ? ഞങ്ങൾ ശീലിച്ചിട്ടുള്ളത് അത്തരം സംസ്കാരമല്ല. ഞാൻ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് എന്നെ വിമർശിച്ചത് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്പാർട്ടിയുടെ മേലെ ഇരിക്കുന്ന ആളെന്ന നിലയിലാണ് . ഇന്ന് നടക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്തോടുള്ള വിമർശനമാണ്. അതിൽ ചില കാര്യങ്ങൾ ഈ തിരഞ്ഞെടുപ്പ് വർഷത്തിൽ ചിലരുടെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വഴി തിരിച്ചുവിടലായപ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ മറുപടി പറഞ്ഞത്. നിങ്ങൾ എന്തെങ്കിലും വിമർശനമുന്നയിച്ചു, അതിന് നിങ്ങളെ കൈകാര്യം ചെയ്തുകളയാമെന്നൊരു നില ഏത് ഘട്ടത്തിലെടുത്തെന്നാണ് നിങ്ങൾക്ക് പറയാനാവുക. അങ്ങനെയൊരനുഭവവുമില്ല- മുഖ്യമന്ത്രി പറഞ്ഞു.
'മുഖ്യമന്ത്രിയെന്ന വാക്ക് തന്നെ
പ്രതിപക്ഷനേതാവിന് പ്രശ്നമോ?'
തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന വാക്ക് തന്നെ പ്രതിപക്ഷ നേതാവിന് പ്രശ്നമുണ്ടാക്കുന്നുണ്ടോയെന്നാണ് അദ്ദേഹത്തിന് പ്രസ്താവനകൾ കാണുമ്പോൾ തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അദ്ദേഹം ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെ കൂടി ആരോപണമുന്നയിക്കുകയാണോ എന്നാണ് തോന്നുന്നത്. കഴിഞ്ഞ സർക്കാരിൽ ആർ.എസ്.എസുകാരന്റെ കേസ് പിൻവലിച്ചത് തന്റെ വകുപ്പല്ലെന്നാണ്പറഞ്ഞത്. അതാരുടെ വകുപ്പായിരുന്നു?. എന്നെ ചാരി, അവിടത്തെ പ്രശ്നങ്ങൾ ഇങ്ങനെ ഉന്നയിക്കേണ്ടതുണ്ടോ?
പ്രതിപക്ഷനേതാവും സുഹൃത്തുക്കളും കൊവിഡ് കാലത്ത് എന്തൊക്കെയാണ് പറഞ്ഞത്. കൊവിഡ് സ്ഥിതിയറിയിക്കാൻ വാർത്താസമ്മേളനം നടത്തരുതെന്നും, ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്നും പറഞ്ഞു. അമേരിക്കൻ മാതൃകയിൽ മിറ്റിഗേഷൻ നടപ്പാക്കണമെന്ന് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ രാജസ്ഥാനെയും തമിഴ്നാടിനെയും മാതൃകയാക്കാൻ പറഞ്ഞില്ലേ. 87ലക്ഷം റേഷൻകാർഡുടമകളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിറ്റെന്ന് പറഞ്ഞു. ബ്രിട്ടീഷ് വിപണിയിൽ പൗണ്ടിന്റെ മൂല്യം കണക്കാക്കിയാൽ ആ ഡേറ്റയ്ക്ക് എത്ര വിലവരുമെന്ന് ആരോപിച്ചു. ആരോപണത്തിലുറച്ച് നിൽക്കുന്നോയെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ഒരു പത്രം പറഞ്ഞത് കേട്ട് പറഞ്ഞതാണെന്നും പറഞ്ഞു. ഇതാണോ പ്രതിപക്ഷ ധർമ്മം?
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ നടത്തുന്നവർക്ക് ഭ്രാന്താണെന്ന് പറഞ്ഞവർ,ഭംഗിയായി അത് നടന്നപ്പോൾ എവിടെയായിരുന്നു ? . കർണാടകം അതിർത്തിയടച്ചപ്പോൾ രോഗികൾ മരിച്ചതിനുത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കഥയുണ്ടാക്കി. അതിഥി തൊഴിലാളികൾ പട്ടിണിയിലാണെന്ന് പറഞ്ഞു. ഏതെങ്കിലും കമ്യൂണിറ്റി കിച്ചനിൽ ചെന്നുനോക്കിയോ?. ഏതെങ്കിലും പ്രവാസി ഇങ്ങോട്ട് വരുന്നതിന് സർക്കാർ തടസ്സം നിന്നോ? ടെക്നോസിറ്റിയിലെ കളിമൺ ഖനനത്തിൽ വൻ കൊള്ളയെന്നാരോപിച്ചു. കമ്പനി പ്രതിനിധി വിളിച്ചപ്പോൾ, തിരുത്തിക്കോളാമെന്ന് പറഞ്ഞു. ആരാധനാലയങ്ങൾ ആദ്യം തുറക്കണമെന്നും പിന്നീട് തുറക്കരുതെന്നും പറഞ്ഞു. ബാറുകളും ബിവറേജുകളും തുറക്കരുതെന്നും , തുറക്കണമെന്നും പറഞ്ഞു.
പൊയ്വെടികളിങ്ങനെ പൊട്ടിച്ചുകൊണ്ടേയിരിക്കും.. വസ്തുതകൾ പുറത്ത് വരുമ്പോൾ മനുഷ്യസഹജമായി അല്പം ജാള്യത തോന്നേണ്ടതാണ്. ഇതൊക്കെ തുറന്നുകാട്ടുമ്പോൾ മുഖ്യമന്ത്രിയും സർക്കാരും കൊവിഡ്കാലത്ത് രാഷ്ട്രീയം കളിക്കുന്നുവെന്ന് വിലപിച്ചിട്ട് കാര്യമുണ്ടോ? മാദ്ധ്യമപ്രവർത്തകരുമായി ഞാൻ കുറച്ചുകാലമായി സ്ഥിരമായി സംവദിക്കുന്നു. ആദ്യഘട്ടത്തിൽ ഇതെല്ലാം ചോദിച്ചപ്പോൾ മറുപടിയിലേക്ക് പോകേണ്ടതില്ലെന്നതിനാൽ ഒഴിഞ്ഞുമാറി. പക്ഷേ ഒരു നുണ പല ആവർത്തി ഉന്നയിച്ച് സത്യമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുമ്പോൾ, തുറന്നുപറയേണ്ട ബാദ്ധ്യതയുണ്ട്-. മുഖ്യമന്ത്രി പറഞ്ഞു.