തിരുവനന്തപുരം: സർക്കാർ ലാ കോളേജുകളിലെ സീറ്റ് വെട്ടിക്കുറച്ചതോടെ നിരവധി കുട്ടികൾക്ക് കുറഞ്ഞ ഫീസിൽ പഠനാവസരം നഷ്ടമായി. സ്വാശ്രയ കോളേജുകളെ സഹായിക്കാനെന്നാണ് ആക്ഷേപം. എൽ.എൽ.ബി പ്രവേശന വിഞ്ജാപനത്തിലാണ് സീറ്റുകളുടെ കുറവ് വ്യക്തമാക്കുന്നത്. സർക്കാർ കോളേജുകളിൽ ത്രിവത്സര എൽ.എൽ.ബി സീറ്റുകളുടെ എണ്ണം 100ൽ നിന്ന് 60 ആയി കുറഞ്ഞു. പഞ്ചവത്സര കോഴ്സ് സീറ്റുകൾ 80ൽ നിന്ന് 60 ആക്കി. കഴിഞ്ഞ വർഷം സർക്കാർ മേഖലയിൽ ആകെ 720 സീറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 480 സീറ്റുകൾ മാത്രമായി. 240 സീറ്റുകളുടെ കുറവ്.
അതേസമയം, 19 സ്വകാര്യ കോളേജുകളിലെ സീറ്റുകളിൽ ഒരു കുറവുമില്ല. ഒരു അദ്ധ്യാപകന് 60 കുട്ടികളെന്ന ബാർ കൗൺസിലിന്റെ നിർദ്ദേശം അനുസരിച്ചാണ് സീറ്റ് കുറവുചെയ്തതെന്നാണ് സർക്കാർ വാദം. ഉറപ്പായ സീറ്റുകൾ മാത്രം ഉൾപ്പെടുത്തിയാണ് വിഞ്ജാപനമെന്നും അന്തിമ തീരുമാനം ഉണ്ടാകുമ്പോൾ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം നടത്തുമെന്നുമാണ് പ്രവേശന പരീക്ഷാ കമ്മിഷണർ പറയുന്നത്. സർക്കാർ സീറ്റുകൾ സംരക്ഷിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്റിക്കും ഉന്നത വിദ്യാഭ്യാസ മന്ത്റിക്കും എസ്.എഫ്.ഐ നിവേദനം നൽകി.