chandra

കൊല്ലം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആറേകാൽ കിലോ കഞ്ചാവുമായി ജില്ലയിൽ മൂന്നുപേർ എക്സൈസ് പിടിയിലായി. അഞ്ച് കിലോ കഞ്ചാവുമായി പോളയത്തോട് ഏറെതഴുകത്ത് വീട്ടിൽ വിഷ്ണു(29), കൊല്ലം മാടൻനട വലിയവീട്ടിൽ കിഴകത്തിൽ ഉമേഷ് (33) എന്നിവരും ഒന്നേകാൽ കിലോ കഞ്ചാവുമായി ഇളമാട് തേവന്നൂർ മലയിൽ ചരുവിള പുത്തൻവീട്ടിൽ ചന്ദ്രബോസുമാണ് (46) പിടിയിലായത്. പോളയത്തോട് റെയിൽവേ ഗേറ്റിന് സമീപം കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ നൗഷാദും സംഘവും നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി വിഷ്ണുവാണ് ആദ്യം പിടിയിലായത്.

kanja

തുടർന്നാണ് ഉമേഷിനെ കുറിച്ച് വിവരം ലഭിച്ചത്. മാടൻനട ഭാഗത്ത് ഉമേഷിന്റെ വാഹനം പരിശോധനയ്ക്കായി എക്സൈസ് കൈ കാണിച്ചെങ്കിലും നിറുത്താതെ കൊട്ടിയം ഭാഗത്തേയ്ക്ക് പോയി. കൊട്ടിയം വഞ്ചിമുക്കിന് സമീപം കാർ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച ഉമേഷിനെ എക്സൈസ് സംഘം സാഹസികമായാണ് പിടികൂടിയത്. കാറിന്റെ ഡ്രൈവർ സീറ്റിന്റെ അടിയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ കഞ്ചാവും കഞ്ചാവ്‌ വിറ്റ വകയിൽ ലഭിച്ച 15,​000 രൂപയും പിടികൂടി.

ഗൾഫിൽ ജോലി നഷ്ടപ്പെട്ടെത്തിയ ഉമേഷ് മൂന്ന് മാസമായി നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറാണ്. തമിഴ്നാട്ടിൽ നിന്ന് പലചരക്ക് സാധനങ്ങൾ കൊണ്ടുവരുന്ന ലോറിയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ganja

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ‌ അജയനും സംഘവും നടത്തിയ പരിശോധനയിലാണ് ചന്ദ്രബോസ് പിടിയിലായത്. ഇയാൾക്കെതിരെ തിരുവനന്തപുരത്ത് 25 കിലോ കഞ്ചാവും കൊല്ലത്ത് മൂന്ന് കിലോ കഞ്ചാവും പത്തനാപുരത്ത് ഒന്നര കിലോ കഞ്ചാവും പിടികൂടിയ കേസുകളുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.