photo

പാലോട്: കുശവൂരിൽ മടത്തറ റൂട്ടിലേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിന്ന കൂറ്റൻ മരം ഒടിഞ്ഞ് വീണ് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് ഓട്ടോയിലേക്കും സ്കൂട്ടറിലേക്കും വീണു. രണ്ടു വാഹനങ്ങളും തകർന്നു. ഓട്ടോയിലെ യാത്രക്കാരിക്ക് ചെറിയ പരിക്ക് പറ്റി. തിരക്കിലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

വിതുരയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം മരം മുറിച്ചു മാറ്റി ഗതാഗത തടസം ഒഴിവാക്കി. റോഡിനിരുവശവും നിൽക്കുന്ന പല കൂറ്റൻ മരങ്ങളും അപകടാവസ്ഥയിലാണെന്ന് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും കേട്ട ഭാവം പോലുമില്ല. രണ്ടാഴ്ച മുൻപ് നന്ദിയോട് ആലുമ്മൂട്ടിൽ മരം വീണ് രണ്ടു കാറുകൾ തകർന്നിരുന്നു. പാലോട് പഴയ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇത്രയും അപകടങ്ങൾ ഉണ്ടായെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതിനാൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.