കൊട്ടിയം: തഴുത്തല മുസ്ലിം യു.പി സ്കൂളിൽ സാമൂഹ്യവിരുദ്ധർ കയറി ആക്രമണവും മോഷണവും നടത്തിയതായി പരാതി. ക്ലാസ് മുറികളിലെ സീലിംഗ് ഫാനുകൾ മോഷ്ടിച്ച സംഘം പുറത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിന്റെ കണ്ണാടിച്ചില്ലുകൾ തകർത്തു. ക്ലാസ് മുറികളിലെ പാർട്ടീഷ്യൻ സ്ക്രീനുകളും ബഞ്ചുകളും ഡെസ്കുകളും ഉൾപ്പെടെ അടിച്ചുതകർത്ത നിലയിലാണ്.
ഞായറാഴ്ചയാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. ഇന്നലെ രാവിലെ പ്രഥമാദ്ധ്യാപകനും അദ്ധ്യാപകരും സ്കൂളിലെത്തിയപ്പോഴാണ് സാധനങ്ങൾ തകർന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടം കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം വ്യാപകമാണന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇവിടെ ഒത്തുകൂടിയവരിൽ ചിലർ മഴ പെയ്തതോടെ സ്കൂളിലെ മതിൽ ചാടിക്കയറിയതാകാനാണ് സാധ്യത. പ്രഥമാദ്ധ്യാപകൻ കെ. ഷാജി കൊട്ടിയം പൊലീസിൽ പരാതി നൽകി.