തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിന് വേണ്ടി നീറ്റ് മാതൃകാ പരീക്ഷ നടത്താൻ ലാസിം സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് കമ്പനി ആദ്യമെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഐ.ടി വകുപ്പ് സെക്രട്ടറി കൂടിയായിരുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനാണ് ഫെബ്രുവരി അവസാനത്തോടെ അപേക്ഷ കൈമാറിയത്. കഴിഞ്ഞവർഷം മാതൃകാ പരീക്ഷയ്ക്ക് നീക്കം നടത്തിയെങ്കിലും വിദ്യാഭ്യാസവകുപ്പിൻെറ എതിർപ്പ് കാരണം നടന്നില്ല. കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വേണ്ടി സന്നദ്ധപ്രവർത്തനമെന്ന നിലയ്ക്കായിരുന്നു ഇത്തവണ രംഗപ്രവേശം. ഫയൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിൽ നിന്നും കമ്പനിക്കനുകൂലമായി ചിലർ രംഗത്തെത്തി.തുടർന്നാണ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ (എസ്.ഐ.ഇ.ടി) മേൽനോട്ടത്തിൽ മാതൃകാ നീറ്റ് പരീക്ഷ നടത്താൻ ഉത്തരവായത്. സ്വകാര്യ എൻട്രസ് സ്ഥാപനത്തിന് എന്തടിസ്ഥാനത്തിലാണ് കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയ ചോദ്യത്തിന് വ്യക്തമായ മറുപടി എസ്.ഐ.ഇ.ടിക്കുമില്ല. സർക്കാർ ചുമതലപ്പെടുത്തിയ ലാസിം സമാനമായ പരീക്ഷകൾ നടത്താൻ വിദ്യാർത്ഥികളിൽ നിന്ന് പ്രതിവർഷം ഈടാക്കുന്നത് 140 ഡോളർ (11200 രൂപ). ലാസിമിൻെറ ഓൺലൈൻ എൻട്രൻസ് പരീശലന സംവിധാനമായ ഈസി എട്രൻസ് പ്ലസാണ് പണം ഈടാക്കി പരിശീലനം നൽകുന്നത്. . 16ന് നടക്കുന്ന നീറ്റ് മാതൃകാ പരീക്ഷയ്ക്ക് രജിസ്ട്രേഷൻ തുടരുകയാണ്.
മിനിട്ടുകൾക്കുള്ളിൽ
ഇ-മെയിൽ ഉപേക്ഷിച്ചു
ഈമാസം 5ന് മാതൃകാപരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ കുട്ടികൾ ഇ-മെയിൽ നൽകിയാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതേക്കുറിച്ച് എസ്.ഐ.ഇ.ടി അധികൃതരോട് മാദ്ധ്യമങ്ങൾ വിവരങ്ങൾ ആരാഞ്ഞതോടെ, കമ്പനി ഏഴാം തീയതി ഇ-മെയിൽ ഒഴിവാക്കി.