rrrr


തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങളിലെ തലയെടുപ്പുള്ള പദ്ധതിയായ കഴക്കൂട്ടം കാരോട് ബൈപാസ് നിർമ്മാണത്തിന്റെ അവസാനഘട്ടം മന്ദഗതിയിൽ. ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധിയും സർ‌ക്കാർ നടപടിക്രമങ്ങളിലെ നൂലാമാലകളുമാണ് വൈകുന്നതിന് കാരണം. കഴിഞ്ഞ മേയിൽ പാതയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതിയിരുന്നത്. കഴക്കൂട്ടം മുതൽ കോവളം വരെയുള്ള പാത ഇരട്ടിപ്പിക്കലിൽ ഇപ്പോൾ കഴക്കൂട്ടം എലിവേറ്റഡ് പാത നിർമ്മാണവും മാത്രമാണ് നടക്കുന്നത്. എന്നാൽ കോവളം മുതൽ കാരോട് വരെയുള്ള പാതയുടെ 30 ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ ബാക്കിയുണ്ട്. കോവളം - കാരോട് ബൈപ്പാസിൽ 16 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്നത് കോൺക്രീറ്റ് റോഡാണ്. ഇതിൽ എട്ടു കിലോമീറ്റർ ദൂരം മാത്രമേ പൂർത്തിയാക്കാനുള്ളൂ. ഈ റോഡിന്റെ തുടർനിർമാണത്തിന്റെ ഭാഗമായുള്ള ഭൂമി നിരപ്പാക്കലിന് ആവശ്യമായ ചെമ്മണ്ണിന് ഇപ്പോൾ ക്ഷാമം നേരിടുകയാണ്. കോട്ടുകാൽ, ആനാവൂർ, ഇരുമ്പിൽ, ചെങ്കൽ, പരശുവയ്ക്കൽ എന്നിവിടങ്ങളിൽ നിന്നാണ് റോഡ് നിർമാണത്തിനുള്ള മണ്ണെടുക്കാൻ അനുമതിയുള്ളത്. ഈ മേഖലകളിലെ വില്ലേജ് ഓഫീസർമാർ സ്ഥലം പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ അനുമതി ലഭിച്ച സ്ഥലങ്ങളിൽനിന്നു നിർമാണത്തിനാവശ്യമായ മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് നിയന്ത്രണമേർപ്പെടുത്തിയെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. ഒരു ദിവസം നൂറ് ലോഡിലധികം മണ്ണ് വേണ്ടിടത്ത് 10 ലോഡുപോലും എടുക്കാനാകുന്നില്ലെന്നാണ് വിവരം. മഴ ശക്തമായാൽ നിർമാണം വീണ്ടും നീളും. കഴക്കൂട്ടം എലിവേറ്റഡ് പാതയുടെ നിർമ്മാണം 2021 ഏപ്രിലിലേ പൂർത്തിയാകൂ. 2.72 കിലോമീറ്ററാണ് നീളം. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

 പദ്ധതി തുക - 1194 കോടി

 പാതയ്‌ക്ക് - 43 കിലോമീറ്റർ നീളം

 45 മീറ്റർ വീതി

 കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള 26.5 കിലോമീറ്റർ
പാതയുടെ 92 ശതമാനം പൂർത്തിയായി

 കഴക്കൂട്ടം മുതൽ മുക്കോല വരെ

നിർമ്മാണ ചെലവ് 700 കോടി

 മുക്കോല മുതൽ കാരോട് വരെ

നിർമ്മാണ ചെലവ് 494 കോടി

 പാതയുടെ തുടക്കം - കഴക്കൂട്ടം  അവസാനിക്കുന്നത് - കാരോട് ഇഞ്ചിവിള

ആദ്യ 'റിജിഡ് ' പേവ്‌മെന്റ് റോഡ്


സംസ്ഥാനത്തെ ആദ്യ റിജിഡ് പേവ്‌മെന്റ് റോഡ് (കോൺക്രീറ്റ്) ഒരുങ്ങുന്നത് മുക്കോല മുതൽ കാരോട് വരെയുള്ള 16.20 കിലോമീറ്റർ ദൂരത്താണ്. ഇന്ത്യൻ റോഡ് കോൺഗ്രസ് 2016 മാനുവലിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രകാരമാണ് കേരളത്തിൽ ആദ്യമായി റിജിഡ് പേവ്‌മെന്റ് റോഡ് നിർമിക്കുന്നതെന്ന് ദേശീയ ഹൈവേ അതോറിട്ടി അധികൃതർ അറിയിച്ചു. മറ്റ് ടാർ റോഡിനെക്കാൾ ഈട് കൂടുതലും വെള്ളം തങ്ങിനിന്ന് കുഴിയുണ്ടാകില്ലെന്നതുമാണ് ഇത്തരം റോഡുകളുടെ സവിശേഷത.

ബൈപ്പാസ് കടന്നുപോകുന്നതിന്

അടുത്തുള്ള പ്രധാന സ്ഥലങ്ങൾ

 തിരുപുറം

 വിഴിഞ്ഞം തുറമുഖം  കോവളം ജംഗ്ഷൻ  തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം  അന്താരാഷ്ട്ര വിമാനത്താവളം  കാര്യവട്ടം ഇന്റർനാഷണൽ സ്റ്റേഡിയം  ടെക്നോപാർക്ക്  കേരള സർവകലാശാല കാര്യവട്ടം കാമ്പസ്