തിരുവനന്തപുരം: കടലേറ്റത്തിൽ വീടുകൾ തകർന്ന സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തീരദേശവാസികൾ ആഭ്യന്തര വിമാനത്താവളത്തിന് മുന്നിലെ റോഡ് ഉപരോധിച്ചു. ശംഖുംമുഖം ജൂസാ റോഡിൽ കടൽഭിത്തി നിർമ്മാണം അടിയന്തരമായി ആരംഭിക്കുമെന്ന റവന്യൂ അധികൃതർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. വിമാനത്താവളത്തിന് മുന്നിൽ രണ്ട് കവാടങ്ങളിലേക്കും കടക്കുന്ന ഭാഗത്തെ റോഡുകളാണ് ഉപരോധിച്ചത്. ജൂസാറോഡിൽ അടിയന്തരമായി സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് രണ്ടുദിവസം മുമ്പ് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. സ്ഥലത്ത് എത്തിയ ആർ.ഡി.ഒ ഇന്നലെ കടൽഭിത്തി നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇന്നലെയും നടപടികൾ ആരംഭിക്കാതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി വീണ്ടുമെത്തിയത്. രാത്രി എട്ടോടെ എ.ഡി.എമ്മെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ഇന്ന് ജില്ലാ കളക്ടറുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് നൽകിയ ശേഷം ഉപരോധം അവസാനിപ്പിച്ചു.