back-pain

ആധുനികകാലത്ത് യുവത്വം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് നടുവേദന. ക്രമം തെറ്റിയുള്ള ജീവിതശൈലിയും അമിത ജോലിഭാരവും, വിശ്രമത്തിന്റെയും വ്യായാമത്തിന്റെയും കുറവ്, മാനസിക സമ്മർദ്ദം എന്നിവയെല്ലാം ചെറുപ്പത്തിലേ തന്നെ നടുവേദനയ്ക്ക് കാരണമാകുന്നു. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ തുടർച്ചയായി അധിക സമയം ഉപയോഗിക്കുന്നവരിലാണ് ഇപ്പോൾ സാധാരണയായി നടുവേദന കണ്ടുവരുന്നത്.

നടുവേദന കൂടുതലായും അലട്ടുന്നത് സ്ത്രീകളെയാണ്. ജോലിത്തിരക്കിനിടയിൽ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധചെലുത്താത്തത് ഇതിന്റെ പ്രധാന കാരണം. പെട്ടെന്നുണ്ടാകുന്നവയും ആറ് ആഴ്ച വരെ ദൈർഘ്യമുള്ളവയുമായവയെ ഹ്രസ്വകാല നടുവേദനയെന്നും മൂന്ന് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്നവയെ ദീർഘകാല നടുവേദനയെന്നും രണ്ടായി തിരിക്കാം.

ഡിസ്‌ക്കുകളിലെ തള്ളൽ, പൊട്ടൽ

കശേരുകൾക്കിടയിൽ അവയുടെ സംരക്ഷണത്തിനായുള്ള ഡിസ്‌ക്കിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളിവരുമ്പോൾ സുഷുമ്‌നാ നാഡിയിൽ അത് ചെലുത്തുന്ന സമ്മർദ്ദവും കശേരുകൾ തമ്മിലടുക്കുമ്പോൾ അവയ്ക്കിടയിൽ ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കും ഉണ്ടാകുന്ന ഞെരുക്കവും വേദന, കഴപ്പ്, തരിപ്പ് എന്നിവ നടുവിനും കാലുകളിലും ബാധിക്കുന്നു. ഇത്തരത്തിലുള്ള ഡിസ്ക് തള്ളലുകൾ പലപ്പോഴും വേദനഹിതമാണ്.

മറ്റേതെങ്കിലും രോഗത്തിനായി എക്സ് ‌റേ, സ്‌കാൻ തുടങ്ങിയവ എടുക്കുമ്പോൾ യാദൃച്ഛികമായി കണ്ടെത്തുകയും ചെയ്യുന്നു.

എന്നാൽ പ്രായമായവരിൽ ഇത് നടുവേദനയ്ക്ക് കാരണമാകുന്നു. തുടർന്ന് സുഷുമ്‌നാ നാഡിക്ക് ചുറ്റുമുള്ള സ്ഥലം കുറയുകയും സ്‌പൈനൽ സ്റ്റെനോസിസിന് കാരണമാകുകയും ചെയ്യുന്നു.

അസ്ഥിവൈകല്യം

നട്ടെല്ല് ഒരുവശത്തേക്ക് വളയുകയും സ്കോഡിയോസിസ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് കശേരുകൾക്ക് അസ്വാഭാവിക തേയ്‌മാനം ഉണ്ടാക്കുകയും പുറത്തേക്ക് വരുന്ന ഞരമ്പുകളെയും രക്തക്കുഴലുകളെയും ഞെരുക്കുകയും കാലുകളിലേക്ക് തരിപ്പ്, വേദന, കഴപ്പ് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മദ്ധ്യവയസിന് ശേഷമാണ് സാധാരണയായി കണ്ടുവരുന്നത്.

അസ്ഥിക്ഷയം

വിറ്റാമിൻ ഡിയുടെയും കാൽസ്യത്തിന്റെയും കുറവ് കാരണമാണ് അസ്ഥിക്ഷയം ഉണ്ടാകുന്നത്. ആർത്തവ വിരാമത്തോടെ ഈസ്ട്രജന്റെ ഉത്‌പാദനം കുറയുകയും അതുവഴി എല്ലുകളുടെ സാന്ദ്രത കുറയുകയും ചെയ്യുന്നു. അതിനാൽ പെട്ടെന്ന് തന്നെ എന്ന് നുറുങ്ങിപ്പോകാൻ സാദ്ധ്യതയുണ്ട്. ഇടുപ്പെല്ല്, നട്ടെല്ല്, മണിബന്ധം എന്നിവിടങ്ങളിലാണ് ലുണ്ടാകാൻ ഇടയുള്ളത്.

വ്യായാമക്കുറവ് വിശ്രമമില്ലായ്മ

വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ് നട്ടെല്ലിലെ പേശികൾക്കും സ്നായുക്കൾക്കും ബലക്ഷയമുണ്ടാക്കും. ഇതുകാരണം ചെറിയ ആയാസങ്ങൾ കൊണ്ടുതന്നെ നടുവേദന, ഡിസ്ക് തെന്നിമാറൽ എന്നിവയ്ക്ക് കാരണമാകുന്നു. ശരീരത്തിന്റെ പൊതുവിലുള്ള ഭാരക്കൂടുതൽ നട്ടെല്ലിൽ വലിവ് കൂട്ടുന്നു. ഗർഭിണികളിലും ഗർഭാവസ്ഥ പുരോഗമിക്കുന്നതിനനുസരിച്ച് നട്ടെല്ലിന്റെ വലിവ് കൂടുകയും നടുവേദന തുടങ്ങുകയും ചെയ്യുന്നു. അമിതവണ്ണം പെട്ടെന്നുള്ള അസ്ഥിക്ഷയത്തിനും കാരണമാകുന്നു. വാദസംബന്ധമായ രോഗങ്ങൾ, കാൻസർ, ഗർഭാശയ മുഴകൾ എന്നിവയും നടുവേദന ഉണ്ടാക്കുന്നു. മാനസിക സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക വൈകല്യങ്ങളും നടുവേദനയ്ക്ക് കാരണമാകാറുണ്ട്.

പുക വലിക്കുന്നതിലൂടെ രക്തസഞ്ചാരം വഴി ഡിസ്കുകൾക്ക് പോഷകവും മറ്റും ലഭിക്കുന്നത് കുറയുകയും അവയുടെ ബലം നശിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് ഡിസ്കിന് ഉണ്ടാകാനിടയുള്ള ചതവും മുറിവും പരിഹരിക്കപ്പെടുന്നതിന് കാലതാമസം ഉണ്ടാക്കുകയും ചെയ്യുന്നു.

പരിഹാര മാർഗങ്ങൾ

ശരിയായ ആഹാരരീതിയും വ്യായാമവും വിശ്രമവും കൊണ്ട് അമിത ഭാരം കുറച്ചും, പേശികൾക്കും സ്നായുക്കൾക്കും ബലം വർദ്ധിപ്പിച്ചും പ്രത്യേകിച്ച് നടുവിലെയും വയറിലെയും പേശികൾ ബലപ്പെടുത്തിയും ഒരു പരിധി വരെ നടുവേദനയെ പ്രതിരോധിക്കാവുന്നതാണ്. ഇളംവെയിൽ കൊള്ളുന്നതിലൂടെ ശരീരത്തിൽ വൈറ്റമിൻ ഡി ഉണ്ടാവുകയും കാൽസ്യത്തിനെ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയുകയും ചെയ്യുന്നു. ഇത് ആർത്തവ വിരാമത്തോടെ ഉണ്ടാകുന്ന നടുവേദനയ്ക്ക് പരിഹാരമാകുന്നു.

നട്ടെല്ല് നിവർന്നിരിക്കത്തക്ക രീതിയിൽ തല ഉയർത്തി ശരിയായ രീതിയിലുള്ള നില്പ്, നടത്തം എന്നിവ ശീലിച്ചാൽ നടുവേദനയെ അകറ്റിനിറുത്താം.

ഇരിക്കുമ്പോൾ നട്ടെല്ലിന്റെ സ്വാഭാവികമായ വളവിനെ ഹനിക്കാത്ത രീതിയിൽ ബാക്ക് റെസ്റ്റും ആം റെസ്റ്റുമുള്ള കസേരകൾ ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ഒരു കുഷ്യൻ മുതുകിൽ താഴ് ഭാഗത്തായി വയ്ക്കുന്നതും നല്ലതാണ്. നിരപ്പുള്ളതും ഉറപ്പുള്ളതും ശരീരത്തിന് സുഖം തരുന്നതുമായ കിടക്കകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം

നട്ടെല്ലിന് പ്രയാസം ഉണ്ടാക്കുന്ന പ്രവൃത്തികൾ ആവർത്തിക്കാതിരിക്കുക.

ഭാരം ഉയർത്തേണ്ട സാഹചര്യത്തിൽ നട്ടെല്ല് നിവർത്തി പിടിച്ച് കാൽമുട്ടുകൾ മടക്കി, മുട്ടിൽ ഭാരം വരത്തക്ക രീതിയിൽ ശരീരത്തോട് ചേർത്ത് വച്ച് ഭാരം ഉയർത്തുക. പുകവലി പൂർണമായും ഒഴിവാക്കണം.

ആർത്തവവിരാമത്തോടെ അസ്ഥിക്ഷയമുണ്ടാകുന്നതിനാൽ അതിനു മുമ്പ് തന്നെ കാൽസ്യം അടങ്ങിയ ഭക്ഷണവും വ്യായാമം, യോഗാസനങ്ങൾ എന്നിവയും ശീലിക്കാവുന്നതാണ്.

ആയുവേദ ശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന എണ്ണതേപ്പ്, പിഴിച്ചിൽ, കഷായ സേവ, രസായനസേവ, വ്യായാമമുറകൾ, പ്രത്യേകമായി പറയുന്ന യോഗാസനകൾ, വസ്തി തുടങ്ങിയവ നടുവേദനയ്ക്കും ശാരീരികബലം പൊതുവിൽ വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. ധാരാളം ഔഷധങ്ങൾ ആയുർവേദത്തിലുണ്ട്. യോഗാസനങ്ങൾ മനോബലം നൽകുന്നതാണ്.

ആയുർവേദ ശാസ്ത്രത്തിലെ ദിനചര്യാക്രമങ്ങളും ഋതുപര്യാക്രമങ്ങളും ശീലിച്ച് ജീവിക്കുന്ന വ്യക്തികൾക്ക് നടുവേദന പോലെയുള്ള വൈഷമ്യങ്ങൾ ഒഴിവാക്കാൻ കഴിയും.

കാൽസ്യത്തിന്റെ അളവ്

ഒമ്പത് മുതൽ 13 വയസു വരെയുള്ളവർക്ക് ഒരുദിവസം 1300 മില്ലി ഗ്രാംകാത്സ്യം ആവശ്യമാണ്. 19 - 50 വയസുവരെയുള്ളവർക്ക് ഇത് 1000 മില്ലി ഗ്രാം ആണ്. 51 വയസിനു മുകളിൽ 1200 മില്ലി ഗ്രാം വേണ്ടിവരും.

പാലും പാലുത്‌പന്നങ്ങളും മുട്ടയുടെ വെള്ള, പച്ചക്കറികൾ, ഇലക്കറികൾ, ചീസ് എന്നിവയിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് 1200 മില്ലി ഗ്രാം മുതൽ 1400 വരെ കാൽസ്യം ആവശ്യമാണ്. ഇത് ശ്രദ്ധയോടെ പാലിച്ചാൽ അസ്ഥിക്ഷയവും നടുവേദനയും തടയാം.

നടുവേദനയുള്ളവർ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ, യോജിച്ച യോഗാസനമുറകളും വ്യായാമവും തെരഞ്ഞെടുക്കാവൂ.

നൃത്തം, നടത്തം, ഓട്ടം, സൈക്കിൾ ചവിട്ടുക, ബ്രീത്തിംഗ് എക്സർസൈസുകൾ , യോഗാസനങ്ങൾ എന്നിവ നടുവേദന ഉണ്ടാകുന്നതിന് മുമ്പു തന്നെ ശീലിക്കേണ്ടതാണ്.

ഡോ.ജാക്വിലിൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ ഡിസ്പെൻസറി
കള്ളിക്കാട്.