vikram

വിക്രം സാരാഭായിയുടെ ജൻമശതാബ്ദിയാഘോഷങ്ങൾക്ക് ഇന്ന് സമാപനം

#

ഇന്ത്യയുടെ ദേശീയ പതാക ആകാശത്തും ഉയരണമെന്ന് സ്വപ്നം കണ്ട പ്രതിഭാശാലിയായ ശാസ്ത്രജ്ഞനായിരുന്നു വിക്രം സാരാഭായ്. ഇന്ത്യക്കാരൻ നിർമ്മിക്കുന്ന ബഹിരാകാശ പേടകത്തിൽ ഇന്ത്യക്കാരൻ കയറി ആകാശത്തേക്ക് കുതിക്കുമ്പോൾ രാജ്യം അദ്ദേഹത്തിന്റെ ജൻമശതാബ്ദിക്ക് നൽകുന്ന പ്രണാമമായി.വിക്രംസാരാഭായിയുടെ ജൻമശതാബ്ദി രാജ്യത്തെ ശാസ്ത്രലോകം ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളുമായാണ് ആഘോഷിച്ചത്. രാജ്യമൊട്ടാകെ നൂറ് പരിപാടികൾ, നൂറ് പ്രദർശനങ്ങൾ എന്നിവയിലൂടെ ശാസ്ത്രാഭിരുചിയും അവബോധവും പുതിയ തലമുറയ്ക്ക് പകരുന്ന പരിപാടികൾക്കാണ് തുടക്കമിട്ടത്. ഇതിനിടയിൽ കൊവിഡ് ആഘോഷങ്ങളുടെ പ്രഭകുറച്ചുവെങ്കിലും വെബിനാറുകളും ഒാൺലൈൻ പരിപാടികളുമായി പദ്ധതി പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് സംഘാടകർ.

''ബഹളങ്ങൾക്കിടയിൽ സംഗീതം ശ്രവിക്കാൻ കഴിയുന്നവർക്കേ ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂ''. സാരാഭായിയുടെ പ്രസിദ്ധമായ വാചകമാണിത്. എന്നും സ്വപ്നം കാണുകയും അതിലേക്ക് മറ്റുള്ളവരെ വളരെ റൊമാന്റിക്കായി നയിക്കാൻ പ്രാപ്തിയുമുള്ള നേതാവായിരുന്നു സാരാഭായ്. രാജ്യത്തെ ശാസ്ത്രവികസനത്തിലേക്ക് പിച്ചവയ്‌പ്പിച്ചത് സാരാഭായിയാണ്.ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പിന്നീടുണ്ടായത്.നാം ഇന്ന് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങൾക്കും കാരണമായത് ഈ രംഗത്തെ നമ്മുടെ വളർച്ചയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രായോഗികതയിലൂടെ ഇന്ത്യയ്ക്ക് ഒരു സാമ്പത്തിക ശക്തിയായി വളരാൻ കഴിയും എന്ന് ദീർഘവീക്ഷണത്തോടെ ചിന്തിച്ച ശാസ്ത്രജ്ഞരുടെ മുൻനിരയിലാണ് സാരാഭായ്. ഇന്ന് ബഹിരാകാശഗവേഷണ മേഖല സ്വകാര്യസംരംഭകർക്കും തുറന്ന് കൊടുത്ത് വൻ സാമ്പത്തിക കുതിപ്പിന് ഇന്ത്യയൊരുങ്ങുമ്പോൾ യാഥാർത്ഥ്യമാകുന്നത് അരനൂറ്റാണ്ടുമുമ്പ് സാരാഭായ് കണ്ട സ്വപ്നങ്ങളാണ്.

1947 ൽ വിക്രം സാരാഭായി തുടക്കംകുറിച്ച ഫിസിക്കൽ റിസർച്ച് ലാബാണ് പിന്നീട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായി രൂപപ്പെടുന്നത്. അസാമാന്യ നേതൃപാടവവും ദീർഘവീക്ഷണവും പ്രകടിപ്പിച്ച സാരാഭായി പ്രമുഖമായ പത്തിലേറെ സ്ഥാപനങ്ങളുടെ സ്ഥാപകനും സാരഥിയുമായിരുന്നു. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, നെഹ്‌റു ഫൗണ്ടേഷൻ ഫോർ ഡവലപ്‌മെന്റ്, അഹമ്മദാബാദ് ടെക്സ്റ്റൈൽ ഇൻഡസ്ട്രീസ് റിസർച് അസോസിയേഷൻ, ദർപ്പണ അക്കാദമി ഓഫ് പെർഫോമിങ് ആർട്സ്, കൽപ്പാക്കം ഫാസ്റ്റർ ബ്രീഡർ ടെസ്റ്റ് റിയാക്ടർ, കൽക്കട്ടയിലെ വേരിയബിൾ എനർജി, സൈക്ലോട്രോൺ പ്രൊജക്ട്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ, ജഡുഗുണ്ടയിലെ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ... തുടങ്ങി അദ്ദേഹം തുടക്കംകുറിച്ച ഓരോ സ്ഥാപനങ്ങളും ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തി.

വിക്രം സാരാഭായിയുടെ സാന്നിധ്യത്തിൽ 1963 നവംബർ 21–ന് തുമ്പയിൽ നിന്നും വിക്ഷേപിച്ച 'നൈക്ക്–അപ്പാച്ചി' എന്ന ചെറുറോക്കറ്റ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികക്കല്ലായി. തിരുവനന്തപുരത്തെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഇന്ന് വിക്രം സാരാഭായിയുടെ പേരിൽ അറിയപ്പെടുന്നു.

ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ പിന്നിലെ മാസ്റ്റർമൈൻഡ് സാരാഭായിയുടേതായിരുന്നു. 1975 ഏപ്രിൽ 19–ന് ആര്യഭട്ട വിജയകരമായി വിക്ഷേപിച്ചെങ്കിലും അത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. 1971 ഡിസംബർ 30 ന് മഹാപ്രതിഭ ആയിരുന്ന വിക്രം സാരാഭായി ഇഹലോകവാസം വെടിഞ്ഞു.മലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. മല്ലികാ സാരാഭായിയും ഡോ.കാർത്തികേയസാരാഭായിയുമാണ് മക്കൾ.