money

ഇപ്പോൾ കേന്ദ്രസർക്കാർ നിർദ്ദേശിച്ച പരിസ്ഥിതി ആഘാത നിർണയ നയം പൊതുവേ വ്യവസായ വികസനത്തെ അനുകൂലിക്കുന്നതാണ്. വലിയൊരു നിക്ഷേപവും പദ്ധതിയുമായി ഒരു വ്യവസായം ആരംഭിക്കാൻ ശ്രമിച്ചാൽ അതിന് എങ്ങനെ അനുമതി നിഷേധിക്കാൻ കഴിയുമെന്നായിരുന്നു ഇതുവരെ അധികൃതർ ആലോചിച്ചിരുന്നത്. എനിക്കറിയാവുന്ന ഒരു കാര്യമുണ്ട്. യു.പി.എയുടെ കാലത്ത് തിരുവനന്തപുരത്ത് ഒരു സ്ഥാപനത്തിന്റെ ക്യാമ്പസിന്റെ വികസനത്തിന് കേന്ദ്രത്തിൽ നിന്ന് അനുമതി കിട്ടാൻ ആദ്യം ചെന്നൈയിൽ പോയി വൻ തുക നൽകി. ഡൽഹിയിൽ ചെന്നാൽ മാത്രമേ ഇതിന്റെ ഫയൽ സ്വീകരിക്കുക പോലും ചെയ്യുകയുള്ളൂ എന്നായിരുന്നു സ്ഥിതി.

പരിസ്ഥിതി അംഗീകാരം രാജ്യത്ത് അഴിമതി നടത്താനുള്ള ഒരു ഇടമായി മാറുകയായിരുന്നു. ഇത് പാർട്ടികൾക്കും സംഘടനകൾക്കും ഉദ്യോഗസ്ഥന്മാർക്കും ഇടനിലക്കാർക്കും കാശുണ്ടാക്കാനുള്ള ഒരു മാർഗം മാത്രമായി മാറുകയായിരുന്നു. കാശ് കൊടുക്കുന്നവർക്കെല്ലാം ക്ലിയറൻസ് കിട്ടുകയും ചെയ്തിട്ടുണ്ട്. പ്രകൃതിയെ സംരംക്ഷിക്കണം. എന്നാൽ പ്രകൃതി സംരക്ഷണത്തിന്റെ അന്ത:സത്തയ്ക്ക് വിരുദ്ധമായാണ് കാര്യങ്ങൾ നടന്നുവന്നിരുന്നത്. നമ്മുടെ പശ്ചാത്തല വികസന പദ്ധതികൾക്കെല്ലാം , അത് റോഡായാലും എയർപോർട്ടായാലും തുറമുഖമായാലും എല്ലാറ്രിന് പരിസ്ഥിതി ആഘാത ക്ലിയറൻസ് വേണ്ടിയിരുന്നു. ഇതെല്ലാം ഫലത്തിൽ വികസനത്തിന് തടസ്സം നിൽക്കുന്നതായി മാറി. ഈയൊരു ഘട്ടത്തിലാണ് പുതിയ നയം കൊണ്ടുവന്നിരിക്കുന്നത്.

ഒന്നരലക്ഷം ചതുരശ്ര അടി കെട്ടിടം നിർമ്മിക്കാൻ മുൻകൂർ അനുമതി വേണ്ട എന്നാണ് പറയുന്നത് . എന്നാൽ അതിന്റെ അർത്ഥം എല്ലാം തോന്നിയപോലെ ചെയ്യാംഎന്നല്ല. എല്ലാ നിബന്ധനകളും പാലിച്ചേ ചെയ്യാൻ കഴിയൂ. ആകെയുള്ളത് നിർമ്മാണം തുടങ്ങാൻ അനുമതി നൽകുന്നു എന്നാണ്. തുടർന്ന് നടക്കുന്ന ഓഡിറ്രിൽ ആ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ബോദ്ധ്യപ്പെട്ടാൽ ആ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ല. സത്യത്തിൽ ഇത് പരിസ്ഥിതിയെ മറികടക്കുകയല്ല, അതിന്റെ പേരിൽ നടപടിക്രമങ്ങളിൽ ഉണ്ടാക്കുന്ന നൂലാമാലകളെയും തടസ്സങ്ങളെയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

247 ഏക്കർ വരെയുള്ള മൈനിംഗ് കേരളത്തെ ബാധിക്കുന്നില്ല. കാരണം ഇപ്പോൾ തന്നെ ഭൂപരിധി നിയമം ഉള്ളതുകൊണ്ട് അത് ഇവിടെ പ്രസക്തമല്ല . വലിയ വികസന പദ്ധതികൾ കൊണ്ടുവന്നാൽ മാത്രമേ കേരളത്തിൽ വ്യവസായ വികസനം നടക്കൂ. കേരളത്തിൽ തൊഴിലില്ലായ്മ ഇല്ലാതാക്കാനും വളർച്ച ഉണ്ടാക്കാനും വ്യവസായങ്ങൾ വന്നേ മതിയാകൂ. അതിന് അനുഗുണമായ രാഷ്ട്രീയ കാലാവസ്ഥയും വേണം.കൂടുതൽ നിബന്ധനകൾ വക്കുമ്പോൾ അത് പലപ്പോഴും ദുരുപയോഗപ്പെടുത്തും.അങ്ങനെ വരുമ്പോൾ അഴിമതി മാത്രമേ നടക്കൂ.


വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ അനുബന്ധമായി ഒരുപാട് വികസന പദ്ധതികൾ വരാൻ സാദ്ധ്യതയുണ്ട്. പരിസ്ഥിതിയുടെ പേരിലുള്ള ഈ പിടിവാശി നമ്മെ എവിടെയുമെത്തിക്കില്ല.

എല്ലാ ക്ലിയറൻസിനും ഡൽഹിയിൽ പോവേണ്ട എന്നത് നല്ലതാണ്. സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നത് വികേന്ദ്രീകരണത്തെ സഹായിക്കും. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാത്ത പദ്ധതികൾ പ്രോത്സാഹിപ്പിക്കാം. പ്രകൃതിക്ക് എത്രമാത്രം അനുഗുണമാക്കും എന്ന മാനദണ്ഡത്തിൽ

പ്രോജക്ടുകളെ വർഗീകരിക്കണം. അനിയന്ത്രിതമായ ഖനനം കേരളത്തെ പോലുളള സ്ഥലത്ത് ഒട്ടും പ്രോത്സാഹിപ്പിക്കരുത് . അതേ സമയം കേരളത്തിന്റെ ഭൂവിസ്തൃതിയെക്കാൾ വലിയ വനപ്രദേശവും പാറയുമൊക്കെയുള്ള മറ്ര് സംസ്ഥാനങ്ങളിലുണ്ട് . അവിടെ നിയന്ത്രണങ്ങൾക്ക് വിധേയമായി ഖനനം നടത്തുന്നതിൽ തടസ്സമില്ല. അഴിമതിയെ ഇല്ലാതാക്കുന്നതും കൂടുതൽ പ്രായോഗികമെന്ന നിലയിലും പുതിയ ഭേദഗതി നാട്ടിനനുകൂലമാണ്.

( കോളിയേഴ്സ് ഇന്റർനാഷണലിന്റെ പ്രോജക്ട് കൺസൾട്ടന്റ് മാനേജറാണ് ലേഖകൻ)​