dangerous

ലോക്ക്ഡൗൺ കാലത്ത് പുതിയ ചിത്രവുമായി എത്തുകയാണ് രാം ഗോപാൽ വർമ. 'ഡെയ്ഞ്ചറസ് ' എന്ന പേരിൽ ലെസ്ബിയൻ ചിത്രവുമായാണ് ആർ.ജി.വിയുടെ വരവ്. ചിത്രത്തിൽ ഗ്ലാമർ മോഡലുകളായ അപ്സര റാണിയും നൈന ഗാംഗുലിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അപ്സരയും നൈനയും ഇഴുകി ചേർന്നുള്ള പോസ്റ്ററുകൾ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. തന്റെ കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണെന്നാണ് ആർ.ജി.വി പറയുന്നത്. "അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം" എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കുന്ന ടാഗ് ലൈൻ. ഒരു ദുരന്ത പ്രണയ കഥയാണ് ഡെയ്ഞ്ചറസ് എന്നാണ് രാം ഗോപാൽ വർമ പറയുന്നത്. എൽജിബിടി സമൂഹത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ സാംസ്കാരികമായി മറികടക്കാനുള്ള ശ്രമമായിരിക്കും ചിത്രമെന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസാമിയെ കുറിച്ചുള്ള സിനിമ രാം ഗോപാൽ വർമ്മ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സിനിമ രാം ഗോപാൽ വർമ്മ പ്രഖ്യാപിച്ചത്.ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഓൺലൈൻ റിലീസുകളിലൂടെ വൻ കളക്ഷനാണ് രാംഗോപാൽ വർമ്മ നേടിയത്. ക്ലൈമാക്സ്, നേക്കഡ്, പവർസ്റ്റാർ തുടങ്ങിയ ചിത്രങ്ങൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ അദ്ദേഹം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ത്രില്ലർ, അർണാബ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം അനൗൻസ് ചെയ്തത്. തന്റെ വെബ്‌സൈറ്റായ ആർ.ജി.വി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാണ് രാംഗോപാൽ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. ഒരാൾക്ക് സിനിമ കാണാൻ നൂറു രൂപയാണ് ഈടാക്കുന്നത്. ഫോൺ നമ്പർ വഴി ടിക്കറ്റ് എടുക്കാം. 3 കോടിയോളം രൂപയാണ് ആദ്യദിവസം ക്ലൈമാക്സ് എന്ന ചിത്രം റിലീസ് ചെയ്തതിലൂടെ അദ്ദേഹം സ്വന്തമാക്കിയത്.