സർക്കാർ ലാ കോളേജുകളിൽ എൽ. എൽ.ബി സീറ്റുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം സാർവത്രികമായ എതിർപ്പും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ബാർ കൗൺസിലിന്റെ നിർദ്ദേശ പ്രകാരമാണ് ഇങ്ങനെയൊരു തീരുമാനം വേണ്ടിവന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം. സർവകലാശാലയുടെ നിർദ്ദേശപ്രകാരമാണ് എൽഎൽ.ബി കോഴ്സുകളിൽ അവർ തന്ന സീറ്റ് കണക്കനുസരിച്ച് ഇത്തവണ വിജ്ഞാപനമിറക്കിയതെന്നാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ നിലപാട്.
തീരുമാനം ആരുടേതായാലും നിയമ പഠനം ആഗ്രഹിക്കുന്ന കുട്ടികളോടു കാണിക്കുന്ന വലിയ ചതിയായിപ്പോയെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഓരോ വർഷവും അപേക്ഷകർ കൂടിക്കൂടി വരുന്ന പശ്ചാത്തലത്തിൽ ഇതുപോലുള്ള കോഴ്സുകൾക്ക് സീറ്റ് വർദ്ധിപ്പിക്കുന്നതാണ് പതിവ്. ഇവിടെയാകട്ടെ സീറ്റ് വർദ്ധനയില്ലെന്നു മാത്രമല്ല ഉള്ള സീറ്റുകൾ പോലും കുറയ്ക്കുകയും ചെയ്യുന്നു.
സർക്കാർ ലാ കോളേജുകളിൽ മാത്രമാണ് ഈ നടപടി. സംസ്ഥാനത്തെ പത്തൊൻപതു സ്വകാര്യ കോളേജുകളിൽ ഒറ്റ സീറ്റ് പോലും കുറയ്ക്കുന്നില്ല. മാത്രമല്ല സീറ്റുകൾ കൂട്ടുന്നുമുണ്ട്. അപ്പോൾ ഇതിനു പിന്നിലെ ലക്ഷ്യവും കളിയും വളരെ വ്യക്തമാണ്. സ്വാശ്രയ ലാ കോളേജുകളിൽ പരമാവധി സീറ്റുകളിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പരോക്ഷ ശ്രമമാണിത്.
ഒരു ക്ളാസിൽ 60 കുട്ടികളിലധികം പാടില്ലെന്ന ബാർ കൗൺസിൽ നിബന്ധനയുടെ മറവിലാണ് സർക്കാർ ലാ കോളേജുകളിൽ സീറ്റ് വെട്ടിനിരത്തൽ. നിയമ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബാർ കൗൺസിൽ ഒരു ക്ളാസിൽ അറുപതിലധികം കുട്ടികൾ പാടില്ലെന്ന പരിഷ്കാരം കൊണ്ടുവന്നത്. ആർക്കും അതിനെ കുറ്റം പറയാനാകില്ല. അച്ചടക്കവും അദ്ധ്യാപനവും മെച്ചപ്പെടുത്താൻ ക്ളാസുകളിൽ കുട്ടികൾ കുറയുന്നതു തന്നെയാണ് നല്ലത്.
എന്നാൽ ബാർ കൗൺസിൽ നിബന്ധന മറയാക്കി സർക്കാർ ലാ കോളേജുകളിൽ സീറ്റ് വെട്ടിക്കുറയ്ക്കുന്നതിലെ നീതികേട് മനസിലാകുന്നില്ല. ഒരു ക്ളാസിൽ അറുപതിലധികം കുട്ടികൾ പാടില്ലെന്നേ ബാർ കൗൺസിൽ പറഞ്ഞിട്ടുള്ളൂ. കൂടുതൽ ബാച്ചുകൾ പാടില്ലെന്നു പറഞ്ഞിട്ടില്ല. അപേക്ഷകർ കൂടുതലാണെങ്കിൽ ബാച്ചുകൾ കൂട്ടുകയല്ലേ ശരിയായ തീരുമാനം. മുൻപ് 80 കുട്ടികളടങ്ങുന്നതായിരുന്നു ഒരു ബാച്ച്. അത് 60 ആയി കുറയ്ക്കുമ്പോൾ അത്രയും പേരേ നിയമം പഠിക്കാവൂ എന്നു ശഠിച്ചാൽ എന്തു ചെയ്യും.
ഓരോ കോളേജിലും 20 സീറ്റ് വീതം കുറയ്ക്കുന്നതിന് ആനുപാതികമായിട്ടാണ് പ്രവേശന വിജ്ഞാപനം ക്ഷണിച്ചിട്ടുള്ളത്. അഡിഷണൽ ബാച്ചുകൾക്ക് അനുമതി തേടിയിട്ടുണ്ടെന്നാണു പറയുന്നത്. പ്രവേശന വിജ്ഞാപനം ഇറങ്ങുന്നതിനു മുൻപു തന്നെ ഇതുസംബന്ധിച്ച ബാർ കൗൺസിൽ തീരുമാനം നേടിയെടുക്കാൻ സർവകലാശാലയ്ക്ക് കഴിയാതിരുന്നതു എന്തുകൊണ്ടാണ്? കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ പുറത്തുപോയി പഠിക്കുന്നവരുടെ സംഖ്യ ഗണ്യമായി കുറയാനിടയുണ്ടെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വിദഗ്ദ്ധന്മാർ സൂചിപ്പിച്ചതാണ്.
ഇതു കണക്കിലെടുത്ത് പരമാവധി കുട്ടികൾക്ക് ഇവിടെയുള്ള കോളേജുകളിൽ തന്നെ പഠന സൗകര്യം ഒരുക്കുകയാണ് സർവകലാശാലകൾ ചെയ്യേണ്ടത്. അതിനു പകരം ബാർ കൗൺസിൽ പറഞ്ഞതുകൊണ്ട് ഞങ്ങൾ എൽഎൽ.ബി സീറ്റുകൾ കുറയ്ക്കുന്നു എന്ന നിലപാടെടുക്കുന്നത് വിദ്യാർത്ഥികളോടു കാണിക്കുന്ന ചതിയും വഞ്ചനയുമാണ്.
ഏറ്റവും കുറഞ്ഞ ചെലവിൽ നിയമം പഠിക്കാനുള്ള നിരവധി കുട്ടികളുടെ അവകാശമാണ് നഷ്ടമാകാൻ പോകുന്നത്. ത്രിവത്സര കോഴ്സിന് നാല് സർക്കാർ ലാ കോളേജിലുമായി 400 സീറ്റ് ഉണ്ടായിരുന്നത് പുതിയ വ്യവസ്ഥ നടപ്പാകുമ്പോൾ 240 ആയി കുറയും. ഒരു കോളേജിൽ 40 സീറ്റ് വീതമാകും ഇല്ലാതാകുന്നത്. അതുപോലെ പഞ്ചവത്സര കോഴ്സിലും 80 സീറ്റു വീതം കുറയ്ക്കേണ്ടിവരും. മുൻ വർഷം ത്രിവർഷ - പഞ്ചവത്സര കോഴ്സുകളിലായി 720 സീറ്റുകളുണ്ടായിരുന്നത് ഇത്തവണ 480 ആയി ചുരുങ്ങും.
സർക്കാരും സർവകലാശാലയും ബാർ കൗൺസിൽ തീരുമാനത്തെ ശിരസ്സാവഹിക്കാനൊരുങ്ങുമ്പോൾ സ്വാഭാവികമായും ഇതിന്റെ നേട്ടം കൊയ്യുന്നത് സ്വാശ്രയ ലാ കോളേജുകളാവും. മുപ്പതിനായിരമോ അതിനു മുകളിലോ ആണ് ഇവിടങ്ങളിലെ ഫീസ്. സർക്കാർ ഫീസാണെങ്കിൽ തുച്ഛവും. സ്വാശ്രയ ലാ കോളേജുകളിലെല്ലാമായി കഴിഞ്ഞ വർഷം പഞ്ചവത്സര എൽഎൽ.ബിക്ക് 1030 സീറ്റുണ്ടായിരുന്നത് ഇക്കുറി 1950 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.
ത്രിവത്സര കോഴ്സിന് 225 ആയിരുന്നത് 400 സീറ്റായും ഉയർത്തിയെന്നാണ് വിവരം. സ്വാശ്രയ ലാ കോളേജുകൾക്ക് ബാർ കൗൺസിൽ നിബന്ധന പാലിച്ച് ബാച്ചുകൾ കൂട്ടാൻ കഴിയുമെങ്കിൽ സർക്കാരിന് അതു കഴിയാത്തതെന്ത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. വരാനിരിക്കുന്ന ബാർ കൗൺസിൽ അനുമതിക്കു കാത്തിരിക്കാൻ അധികം പേരും തയ്യാറാകില്ല. പ്രവേശനം ലഭിക്കുന്നിടത്തു ചേരാനാകും പലരും തയ്യാറാവുക. പ്രവേശന ഘട്ടത്തിനിടെ അനുമതി ലഭിക്കുകയാണെങ്കിൽ റാങ്ക് പട്ടികയിൽ അറുപതിനു താഴെയുള്ളവർക്കും പ്രവേശനം നൽകാനാവും എന്ന് പരീക്ഷാ കമ്മിഷണർ പറയുന്നുണ്ട്.
എന്നാൽ തീർച്ചയില്ലാതിരിക്കെ ഉറച്ച മനസ്സോടെ ക്ഷമയോടെ കാത്തിരിക്കാൻ എത്ര കുട്ടികൾക്കു സാധിക്കും. ലാ കോളേജുകളിൽ അധിക സൗകര്യം ഏർപ്പെടുത്തുന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അത്ര വലിയ ആനക്കാര്യമൊന്നുമല്ല. അദ്ധ്യാപകരുൾപ്പെടെ കുറച്ചുപേർക്ക് പുതുതായി തൊഴിൽ ലഭിക്കാനുള്ള അവസരം കൂടിയാണത്. മുൻ വർഷത്തെക്കാൾ കുറെയധികം കുട്ടികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള സൗകര്യവും ലഭിക്കും.
സർക്കാരും സർവകലാശാലയും ഇനി ചെയ്യാനുള്ളത് എത്രയും വേഗം അഡിഷണൽ ബാച്ചിന് ബാർ കൗൺസിലിന്റെ അനുമതി സമ്പാദിക്കാനുള്ള നടപടി ത്വരിതപ്പെടുത്തുക എന്നതാണ്. അധികൃതരുടെ പിടിപ്പുകേടുകൊണ്ട് കുട്ടികളുടെ അവസരം നഷ്ടമായിക്കൂടാ. കൊവിഡ് മഹാമാരി രാജ്യമൊട്ടുക്കും വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നതിനിടയിലാണ് അധികൃതരുടെ വീഴ്ചമൂലമുണ്ടാകുന്ന ഇതുപോലുള്ള പ്രശ്നങ്ങൾ.
ഒരു ബാച്ചിൽ കുട്ടികളുടെ സംഖ്യ പരിമിതപ്പെടുത്തിക്കൊണ്ടുള്ള ബാർ കൗൺസിൽ തീരുമാനം അംഗീകരിച്ച് ആവശ്യമായ തയ്യാറെടുപ്പുകൾ നേരത്തെ ആരംഭിക്കേണ്ടതായിരുന്നു. തലവേദന വരുമ്പോൾ തലവെട്ടിക്കളയുന്ന ചികിത്സപോലെ പ്രശ്നത്തെ സമീപിച്ചതാണ് വിദ്യാർത്ഥികൾക്കു വിനയായത്. അതു തിരുത്താനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്.