കടയ്ക്കാവൂർ: പഴഞ്ചിറ കുളത്തിന് സംരക്ഷണ വേലി ഇല്ലാത്തതിനാൽ അപകടഭീതിയിലാണ് യാത്രക്കാർ. പള്ളിമുക്ക് ആറ്റിങ്ങൽ റോഡിൽ പഴഞ്ചിറ ഭാഗത്താണ് ഈ കുളം. ഏകദേശം ഒരേക്കറോളം വിസ്തൃതിയിലുള്ള ഈ കുളം പ്രദേശത്തെ നെൽക്കൃഷിക്ക് ജലസേചനത്തിനായി രാജവാഴ്ച കാലത്ത് നിർമിച്ചതാണ്. കൃഷിക്കാർക്ക് വളരെയധികം ഉപയോഗപ്രദമായിരുന്നു കുളം.
റോഡിൽ നിന്നും ഏകദേശം ഇരുപത്തടിയോളം താഴ്ചയിലാണ് കുളം. ഇടുങ്ങിയ റോഡിൽ കയറ്റിറക്കവും വളവുമാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കുളത്തിന്റെ ഭാഗത്തുവച്ച് എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ അല്പം ശ്രദ്ധകുറവുണ്ടായാൽ വാഹനം കുളത്തിലേക്ക് മറിയാൻ സാദ്ധ്യത വളരെ കൂടുതലാണ്. കുളത്തിന്റെ ഭാഗത്ത് റോഡരികിൽ വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾ കാരണം സ്ഥലപരിചയം ഇല്ലാത്ത ഡ്രൈവർക്ക് റോഡിന്റെ അവസ്ഥ മനസിലാക്കാൻ കഴിയില്ല.
രാത്രി കാലങ്ങളിൽ മതിയായ വെളിച്ചമില്ലായ്മയും ഈ ഭാഗത്തെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. വാഹനം മറിയുകയാണെങ്കിൽ നീന്തൽ അറിയാത്ത ഡ്രൈവറോ യാത്രക്കാരനോ ആണെങ്കിൽ രക്ഷാപ്രവർത്തനവും ബുദ്ധിമുട്ടാകും. മഴക്കാലം ആരംഭിച്ചതോടെ റോഡിലേക്ക് പുല്ല് വളർന്ന് കയറിയത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
കുളത്തിന് എതിർ വശവും ഏകദേശം ഇരുപതടിയോളം താഴ്ചയുളള ഭാഗമാണ്. ഇവിടെയും സംരക്ഷണവേലിയില്ല. സംരക്ഷണവേലിക്ക് വേണ്ടി നാട്ടുകാർ പല അപേക്ഷകളും അധികൃതർക്ക് നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒരു അപകടം നടന്നാലേ അധികൃതരുടെ കണ്ണ് തുറക്കുകയുള്ളോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അടിയന്തരമായി ഇരുവശത്തും സംരക്ഷണവേലികൾ നിർമ്മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.