aug11a

ആ​റ്റിങ്ങൽ:വലിയകുന്ന് താലൂക്കാശുപത്രി വികസനക്കുതിപ്പിലേക്ക്.11 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടന്നുവരുന്നത്.സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ നിർമ്മാണപ്രവർത്തനം പൂത്തിയാകാറായി. 3.65 കോടിയാണ് ഇതിന്റെ എസ്റ്റിമേറ്റ്.കെട്ടിടനിർമ്മാണത്തിന് 2.10 കോടിയും ഉപകരണങ്ങൾക്ക് 1.55 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. കെട്ടിടനിർമ്മാണം പൂർത്തിയായി. വൈദ്യുതീകരണ ജോലികൾ അവസാനഘട്ടത്തിലാണ്.ഒരുസമയം 12 പേർക്ക് ഡയാലിസിസ് ചെയ്യാൻ പാകത്തിനാണ് ക്രമീകരണം ഒരുക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ ഉദ്ഘാടനം ലക്ഷ്യമിട്ടാണ് പണികൾ നടക്കുന്നത്.ഈ കെട്ടിടത്തിന് മുകളിൽ 55 ലക്ഷം രൂപ ചെലവിൽ നേത്രരോഗവിഭാഗം സജ്ജമാകുന്നുണ്ട്.ശസ്ത്രക്രിയാവിഭാഗം ഉൾപ്പെടെയാണ് ഇവിടെ ക്രമീകരിക്കുന്നത്.മൂന്നുനിലകളിലായി 3.5 കോടി ചെലവിട്ട് നിർമ്മിക്കുന്ന പുതിയ ഒ.പി. കെട്ടിടത്തിന്റെ അടിത്തറനിർമ്മാണം പൂർത്തിയായി. ഇതിനടുത്തായാണ് 3.5 കോടി ചെലവിട്ട് ഗൈനക്ക് വിഭാഗവും നിർമ്മിക്കുന്നത്. ഇതിന്റെ തറ ലെവൽ ചെയ്യുന്ന ജോലികൾ നടക്കുകയാണ്.ആയിരത്തിലധികമാളുകൾ ദിനംപ്രതി ഇവിടെ ഒ.പി.യിൽ എത്തുന്നുണ്ട്.സൗകര്യങ്ങൾ ഒരുങ്ങുതിനൊപ്പം ആവശ്യമായ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാൻ അധികൃതർ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.