കടയ്ക്കാവൂർ: ലോക്ക് ഡൗണിലും 'വിശപ്പിന് ഒരു കൈതാങ്ങ് ' എന്ന സംഘടന ശ്രദ്ധേയമാകുന്നു. കടയ്ക്കാവൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആറു യുവാക്കൾ രൂപം നൽകിയ ഈ സംഘടന തെരുവിൽ അലയുന്നവർക്കും അശരണർക്കും ഒരു വർഷക്കാലമായി ഒരു നേരത്തെ ഭക്ഷണം എത്തിക്കുന്നതിൽ മുടക്കം വരുത്തുന്നില്ല. കൊവിഡ് വ്യാപനം തുടങ്ങിയതോടെ ഒരുവാഹനത്തിൽ അണുനശീകരണത്തിനുള്ള സംവിധാനം ഒരുക്കി കുറഞ്ഞ ചെലവിൽ പഞ്ചായത്തുകളുടെ നിർദ്ദേശ പ്രകാരം അണുനശീകരണ പ്രവർത്തനവും നടത്തുന്നുണ്ട്.
കണ്ടെയ്ൻമെന്റ് ആരംഭിച്ചത് മുതൽ പൊലീസിന്റെ ചെക്കിംഗ് പോയിന്റുകളിൽ രാത്രി കാലങ്ങളിൽ വോളണ്ടിയർമാരായി സേവനം അനുഷ്ഠിക്കുകയും പകൽ ചെക്ക് പോയിന്റുകളിൽ സേവനം അനുഷ്ഠിക്കുന്ന മറ്റ് വോളണ്ടിയർമാർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്. സാജൻ സത്യൻ, സജു, സുജിത്, യാസിർ, കണ്ണൻ, സന്തോഷ് എന്നിവർ ചേർന്നാണ് വിശപ്പിന് ഒരു കൈതാങ്ങ് എന്ന സംഘടനയ്ക്ക് രൂപം നൽകിയിരിക്കുന്നത്.