തിരുവനന്തപുരം : വയോജനകേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്ന ഗ്രാന്റ് കെയർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 619 വൃദ്ധസദനങ്ങളിലുള്ള ഏകദേശം 21,000ഓളം വയോജനങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ആരോഗ്യവകുപ്പും എൻ.എച്ച്.എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധന നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷൻപ്ലാൻ തയ്യാറാക്കി.കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റും. കെയർ ഹോമിന് പുറത്തുള്ള വയോജനങ്ങളുടെ വിവരങ്ങൾ ക്രോഡീകരിക്കുന്നത് കുടുംബശ്രീയുടെ ഗ്രാന്റ് കെയർ ആപ്പിലൂടെയാണ്. ജില്ലാ സാമൂഹ്യനീതി ഓഫീസറായിരിക്കും പദ്ധതിയുടെ നോഡൽ ഓഫീസർ. ആരോഗ്യവകുപ്പിൽ നിന്നും ഡെപ്യൂട്ടി ഡി.എം., വനിതാശിശു വികസന വകുപ്പിൽ നിന്നു പ്രോഗ്രാം ഓഫീസർ/സി.ഡി.പി.ഒ, വയോമിത്രം കോ ഒാർഡിനേറ്റർ, 10 അങ്കണവാടി പ്രവർത്തകർ, 10 സന്നദ്ധ വോളന്റിയർ, സാമൂഹ്യ സുരക്ഷാമിഷന്റെ മെഡിക്കൽ ടീം, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ/ പ്രതിനിധി എന്നിവരാണ് ഈ സെല്ലിലുള്ളത്.