മലയിൻകീഴ് : കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രവർത്തിക്കുന്ന കണ്ടല സഹകരണ ആശുപത്രിക്കെതിരെ സോഷ്യൽ മീഡയയിലൂടെ അപവാദപ്രചാരണം നടത്തിയ മാറനല്ലൂർ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് പേർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതായി ആശുപത്രി ചെയർമാൻ എൻ.ഭാസുരാംഗൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാറനല്ലൂർ പഞ്ചായത്ത് അംഗം പി.മുരളീധരൻ നായർ (തൂങ്ങാംപാറ ബാലകൃഷ്ണൻ), സാബു രംഗൻ എന്നിവർക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആശുപത്രി പ്രവർത്തനങ്ങളെ ആക്ഷേപിച്ച് കുറിപ്പിട്ടിരുന്നു. ആശുപത്രി പൂട്ടി എന്ന പ്രചാരണവുമുണ്ടായി. കൊവിഡിനെ നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് ചിലർ ബോധപൂർവം ശ്രമങ്ങൾ നടത്തുന്നത്. ആശുപത്രിയിലെത്തുന്നവരെ ആന്റിജൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയാണ് തുടർ ചികിത്സ നൽകുന്നത്. ഒരാൾക്കും ഇവിടെ ചികിത്സ നിഷേധിക്കാറില്ല. ഡോക്ടർമാർ മുതൽ ക്ലീനിംഗ് ജീവനക്കാർ വരെ മാസ്ക്,ഗ്ലൗസ്, ഫേസ് ഷീൽഡ് ധരിച്ചാണ് പണിയെടുക്കുന്നത്. ആശുപത്രിയിൽ 5 മുറിയും ഒരു ജനറൽ വാർഡും ക്വാറന്റൈനിനായി സജ്ജീകരിച്ചിട്ടുണ്ട്. സഹകരണ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് കൊവിഡ് ബാധിക്കുമെന്നു വരെ പ്രചരിപ്പിക്കുന്നുണ്ട്. കണ്ടല സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയെ അപായപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് ഭാസുരാംഗൻ പറഞ്ഞു. കണ്ടല സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.രാജേന്ദ്രൻ, എ.രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആരതി.എസ്.ദേവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.