കിളിമാനൂർ: കൊവിഡ് കാലത്തെ വിവിധ ബുദ്ധിമുട്ടുകൾക്കിടയിലും, ഉത്പന്നങ്ങളുടെ വില കയറ്റത്തിനിടയിലും പച്ചക്കറി വിപണിയിലെ തുടർച്ചയായ വിലക്കുറവ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നു. ലോക്ക് ഡൗണിന്റെ ആദ്യനാളുകളിൽ കുത്തനെ ഉയർന്ന പച്ചക്കറി വിലയിൽ തുടർന്നുണ്ടായ കുറവ് വിപണന കേന്ദ്രങ്ങൾ തുറക്കാൻ പലർക്കും പ്രചോദനമായി.
ജില്ലയിലേക്ക് ആവശ്യമായ സാധനങ്ങൾ കൃത്യമായി എത്തുന്നതിനാൽ ചെറുകിട വില്പന കേന്ദ്രങ്ങളിലും വിലക്കുറവ് പ്രകടമാണ്. ലോക്ക് ഡൗണിന്റെ ആദ്യനാളുകളിൽ നൂറ് രൂപയുടെ പച്ചക്കറി കിറ്റ് കിട്ടാനില്ലായിരുന്നു. എന്നാലിപ്പോൾ 50 രൂപയുടെയും 70 രൂപയുടെയും കിറ്റുകൾ സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറി മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സുലഭമാണ്.
ലോക്ക് ഡൗണിൽ വീടു മുറ്റത്ത് കൃഷി ചെയ്ത ചീരയും മറ്റു പച്ചക്കറികളും പാകമായി തുടങ്ങിയതോടെ വീട്ടമ്മമാർ വീട്ടാവശ്യം കഴിഞ്ഞ് ബാക്കിയുള്ളവയും കമ്പോളങ്ങളിൽ എത്തിച്ചു തുടങ്ങി.
ഈ നില തുടർന്നാൽ പതിവ് ഓണ വിപണിയിലെ വില കയറ്റം ഇത്തവണ ഉണ്ടാകില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.