തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ നഗരത്തിൽ തിരക്ക് വർദ്ധിച്ചതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവരെ പൊലീസ് മടക്കിഅയച്ചു. നഗരത്തിലെ എല്ലാ അതിർത്തികളിലും വീണ്ടും ബാരിക്കേഡുകൾ വച്ച് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. കവടിയാർ, കഴക്കൂട്ടം, തമ്പാനൂർ, കിഴക്കേകോട്ട, പാളയം എന്നിവിടങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചു. നഗരാതിർത്തിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള വാഹനത്തിരക്ക് നിയന്ത്രിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. മാസ്‌ക് ധരിക്കാതെയും മതിയായ രേഖകളില്ലാതെയും എത്തിയവരെയും പൊലീസ് തിരിച്ചയച്ചു. നിയന്ത്രണം മറികടന്ന് ഇടറോഡുകളിലൂടെയുള്ള യാത്രയും പൊലീസ് നിയന്ത്രിക്കുന്നുണ്ട്. കാറുകളിൽ മൂന്നുപേർ യാത്ര ചെയ്യണമെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. രാത്രികാലങ്ങളിൽ അനാവശ്യ യാത്ര നടത്തുന്നവരെ പിടികൂടാൻ സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ടീമും സജ്ജമാണ്. അനാവശ്യ യാത്ര ചെയ്യുന്നവർക്കെതിരെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.