fever

തിരുവനന്തപുരം: മഴക്കാലത്ത് എലിപ്പനി വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രതവേണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മരണത്തിനും സാദ്ധ്യതയുണ്ട്. സർക്കാർ ആശുപത്രികളിൽ എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർക്കും മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കുമാണ് എലിപ്പനിയുണ്ടാകുന്നതിന് സാദ്ധ്യത കൂടുതൽ.

ലക്ഷണങ്ങൾ
പനി, പേശി വേദന, തലവേദന, വയറു വേദന, ഛർദ്ദി, കണ്ണ് ചുവപ്പ്. രോഗം മൂർച്ഛിച്ചാൽ കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കും.

വേണ്ടത് മുൻകരുതൽ
 മലിന ജലത്തിൽ സമ്പർക്കമുണ്ടായാൽ സോപ്പുപയോഗിച്ച് ശരീരം വൃത്തിയാക്കണം.

 ആഹാര സാധനം അടച്ചു സൂക്ഷിക്കുക

 തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക

 വെള്ളത്തിലിറങ്ങേണ്ട സാഹചര്യമുണ്ടായാൽ കട്ടിയുള്ള കൈ-കാലുറകൾ ധരിക്കണം.

 പാടത്തും പറമ്പിലും ജോലിചെയ്യുന്നവർ, ശുചീകരണത്തൊഴിലാളികൾ എന്നിവർ ജാഗ്രതപാലിക്കണം.

 ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ 200 മില്ലിഗ്രാമിന്റെ ഒരു ഗുളിക അല്ലെങ്കിൽ 100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ആഴ്ചയിലൊരിക്കൽ കഴിക്കണം.