ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപാസിന്റെ അലൈൻമെന്റ് പുനഃപരിശോധിക്കുന്നതിനായി കൊല്ലമ്പുഴ തിരുവാറാട്ടുകാവിൽ ഇന്നലെ രാവിലെ സംയുക്ത പരിശോധന നടന്നു. നിലവിലെ അലൈൻമെന്റ് പ്രകാരം റോഡ് നിർമ്മിച്ചാൽ ക്ഷേത്രത്തിന് നാശം സംഭവിക്കുമെന്ന് കാണിച്ച് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ ദേശീയ പാതാവികസന അതോറിട്ടി, ദേവസ്വംബോർഡ്, റവന്യൂ അധികൃതർ എന്നിവരാണ് പങ്കെടുത്തത്. നാട്ടുകാരും ദേവസ്വം അധികൃതരും അലൈൻമെന്റ് മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ ദേശീയപാതാ വികസന അതോറിട്ടി അധികൃതരെ അറിയിച്ചു. വിവരങ്ങൾ മേലധികാരികളെ അറിയിക്കുമെന്നും അന്തിമതീരുമാനം അവരാണ് കൈക്കൊള്ളേണ്ടതെന്നും ഇവർ വ്യക്തമാക്കി.