കോവളം: വിഴിഞ്ഞം മുക്കോല പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലെ ആരോഗ്യപ്രവർത്തകർക്ക് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ടും വാഹന സൗകര്യവുമില്ലെന്ന് പരാതി. അണുനശീകരണത്തിനായി എം.വിൻസെന്റ് എം.എൽ.എയുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ സ്‌പ്രേയറുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം വാങ്ങാൻ പണമില്ലെന്നും ആക്ഷേപമുണ്ട്. മൃതദേഹങ്ങളുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാനുള്ള തെർമൽ ബോക്സുകളും ഇവിടെ ലഭ്യമാക്കിയിട്ടില്ല. കഴിഞ്ഞ ജൂലായ് 9 മുതൽ ഇന്നലെ വരെ ഈ മേഖലയിൽനടത്തിയ പരിശോധനകളിൽ 268 പേർക്കാണ് കൊവിഡ് സ്ഥരീകരിച്ചത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലാഭരണകൂടം ഇടപെട്ട് സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.