ns

തിരുവനന്തപുരം: ചാരക്കേസിൽ നിയമവിരുദ്ധ അറസ്റ്റിനും പീഡനത്തിനും ഇരയായ മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ എസ്.നമ്പിനാരായണന് 1.30 കോടി രൂപ സർക്കാർ നഷ്ടപരിഹാരം നൽകി. ഒരു മാസം മുൻപ് പണം ലഭിച്ചെങ്കിലും ഇക്കാര്യം ഇന്നലെയാണ് പുറത്തുവന്നത്. തന്നെ തെറ്റായി കേസിൽ പ്രതി ചേർത്ത് പീഡിപ്പിച്ചതിന് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് 21 വർഷം മുമ്പ് നമ്പിനാരായണൻ സർക്കാരിനെതിരെ തിരുവനന്തപുരം സബ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

ഇത്രയും വർഷമായിട്ടും കേസ് തീർപ്പാകാത്ത സാഹചര്യത്തിൽ നമ്പിനാരായണനുമായി ചർച്ച ചെയ്ത് നഷ്ടപരിഹാരം തീരുമാനിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.ഒരു കോടിയാണ് നമ്പിനാരായണൻ ഹർജിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടതെങ്കിലും ഇത്രയുംകാലം നീതി വൈകിയതുകൂടി കണക്കിലെടുത്താണ് 1.30 കോടി നൽകാൻ ജയകുമാർ ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്.

നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം സുപ്രീംകോടതിയും 10ലക്ഷം ദേശീയ മനുഷ്യാവകാശ കമ്മിഷനും വിധിച്ചിരുന്നു. ആ 60 ലക്ഷം രൂപ സർക്കാർ നേരത്തേ നൽകിയിരുന്നു. ഇതിനുപുറമേയാണ് 1.30 കോടി രൂപ കൂടി നഷ്ടപരിഹാരം നൽകിയത്. ജയകുമാർ രണ്ടുതവണ നമ്പി നാരായണനുമായി ചർച്ച നടത്തിയിരുന്നു.