meen-mooty

കിളിമാനൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നിറഞ്ഞൊഴുകി മീൻ മൂട്ടി. കൊല്ലം- തിരുവനന്തപുരം ജില്ലാതിർത്തികളിലായി കുമ്മിൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മീൻമുട്ടി വെള്ളച്ചാട്ടം ടൂറിസം മേഖലയിൽ ഉൾപ്പെട്ടതിനാൽ ദിവസേന നൂറു കണക്കിന് സന്ദർശകരാണ് മുൻ വർഷങ്ങളിൽ വന്നു കൊണ്ടിരുന്നത്. ഇത്തവണയും കാലവർഷത്തിൽ മീൻമുട്ടി നിറഞ്ഞ് ഒഴുകുന്ന പശ്ചാതലത്തിൽ സന്ദർശകരുടെ വരവ് ഉണ്ടാകാനുള്ള സാഹചര്യം ഉള്ളതിനാൽ കൊവിഡ് പശ്ചാത്തലത്തിൽ പൊലീസ് പരിശോധന കർശനമാക്കി.

വിദൂര സ്ഥലങ്ങളിൽ നിന്നും പോലും ആളുകൾ വരുന്ന സാഹചര്യത്തിൽ കൊവിഡ് ആരംഭിച്ച മാർച്ച് മാസത്തിൽ തന്നെ പൊലിസിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സന്ദർശകരെ വിലക്കിയിരുന്നു. നിലവിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും, വെള്ളച്ചാട്ടം കാണാൻ കൂടുതൽ ആളുകൾ വരുന്ന സാഹചര്യത്തിലും കൂടുതൽ ജാഗ്രത പാലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് വാർഡ് മെമ്പർ സുദർശനൻ അറിയിച്ചു.