വിതുര: വർഷങ്ങളായി പരിമിതികൾക്കും പരാധിനതകൾക്കും നടുവിലാണ് വിതുര സബ് ട്രഷറി പ്രവർത്തിക്കുന്നത്. മലയോരമേഖലയിലെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശ്രയമായ സ്ഥാപനത്തിന് പറയുവാനുള്ളത് ഇല്ലായ്മയുടെയും വല്ലായ്മയുടെയും കഥകളാണ്. വാടകയ്ക്കു പ്രവർത്തിക്കുന്ന പഞ്ചായത്തു കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് പ്രധാന പ്രശ്നം. ട്രഷറി സേവനങ്ങൾ വർദ്ധിച്ചതോടെ ദിവസവും നിരവധി പേരാണ് ഇടപാടുകൾക്കായി എത്തുന്നത്. പെൻഷൻ വിതരണം ചെയ്യുന്ന ദിവസങ്ങളിൽ തിരക്ക് വളരെ കൂടുതലാണ്. പെൻഷൻ വാങ്ങാനെത്തുന്ന വയോധികർക്ക് ഇരിക്കാനോ വിശ്രമിക്കാനോ ഉള്ള സ്ഥലസൗകര്യം പോലും ഇവിടില്ല.

അഞ്ചോ ആറോ പേർക്ക് നിൽക്കാനുള്ള ഇടം മാത്രമുള്ള ഓഫീസിനുള്ളിൽ ഒരേ സമയം പത്തും മുപ്പതും പേരാണ് തിക്കിത്തിരക്കുന്നത്. കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ കെട്ടിടത്തിന്റെ ഉറപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചുവരുകളിൽ പലയിടത്തായി പൊട്ടലും മേൽക്കുരയിൽ വിള്ളലും വീണിട്ടുണ്ട്. ജനലുകൾക്കും വാതിലുകൾക്കും അടച്ചുറപ്പില്ലാത്തതാണ് മറ്റൊരു പ്രശ്നം. സ്ട്രോങ് റൂമിന് പോലും മതിയായ സുരക്ഷയില്ലാത്ത സ്ഥിതിയിയാണ്. തറയിൽ സിമന്റിളകി മാറി കുഴികളാണ്. 1987ൽ ആയിരുന്നു സബ്ട്രഷറിയുടെ ഉദ്ഘാടനം. വിതുര പഞ്ചായത്ത് ഓഫീസ്,കമ്യൂണിറ്റിഹാൾ എന്നിവ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലാണ് പ്രവർത്തനം തുടങ്ങിയത്.

എന്നാൽ പിന്നീട് കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് സൗകര്യങ്ങൾ ഒരുക്കാത്തത് പ്രവർത്തനത്തെ ബാധിച്ചു.

 ഭീഷണിയായി വാട്ടർ ടാങ്കുകൾ

കെട്ടിട സമുച്ചയത്തിലെ എല്ലാ സ്ഥാപനങ്ങൾക്കും ജലമെത്തുന്നത് ഈ ടാങ്കുകളിൽ നിന്നാണ്. സുരക്ഷിത സംവിധാനമൊരുക്കി ടാങ്കുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതർ ചെവിക്കൊള്ളുന്നില്ല. പഞ്ചായത്തിന്റെ കീഴിലുള്ള കെട്ടിടമായതിനാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് കാര്യമായ പരിഗണനയില്ല. അസൗകര്യങ്ങളുടെ പേരിൽ സ്ഥാപനത്തെ ഇടയ്ക്ക് മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റാനുള്ള ശ്രമമുണ്ടായെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടന്ന് ഫലവത്തായില്ല. എന്നാൽ ഇടപാടുകാർക്ക് എത്തിച്ചേരാൻ സൗകര്യമുള്ള സ്ഥലമായതിനാൽ ട്രഷറി വിതുരയിൽത്തന്നെ നിലനിറുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.