u

തിരുവനന്തപുരം: ഉഡുപ്പി അൾട്രാ മെഗാ പവർ പ്ളാന്റിൽ നിന്ന് കേരളത്തിന് മൂന്ന് വർഷത്തിനകം 1000 മെഗാവാട്ട് വൈദ്യുതി ലഭ്യമായിത്തുടങ്ങും. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് അറുതി വരുത്തുന്ന പദ്ധതിയുടെ കരാർ സ്റ്റെർലൈറ്റ് പവർ ട്രാൻസ്‌മിഷൻ ലിമിറ്റഡിനാണ്.

2000 മെഗാവാട്ട് ശേഷിയുള്ള ലൈനുകൾ വഴിയാണ് വൈദ്യുതി എത്തിക്കുക. 1000 കോടി രൂപ മുതൽ മുടക്കുള്ള പദ്ധതി മൂന്നു കൊല്ലത്തിനുള്ളിൽ പൂർത്തിയാക്കും. കാസർകോട്,​ കണ്ണൂർ, വയനാട് ജില്ലകളെ ലക്ഷ്യമിട്ടാണ് പദ്ധതിയെങ്കിലും, അത്യാവശ്യഘട്ടങ്ങളിൽ മറ്റ് പ്രസരണ ലൈനുകളിലൂടെയും വൈദ്യുതി എത്തിക്കാനാവും.

കേന്ദ്ര റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ മത്സരാധിഷ്ഠിത ടെൻഡർ വിളിച്ചാണ് കരാർ നൽകിയത്. കെ.എസ്.ഇ.ബിയും പവർഗ്രിഡ് കോർപറേഷനും ടെൻഡറിൽ പങ്കെടുത്തിരുന്നു. 35 വ‌ർഷത്തേക്കാണ് കരാർ. ഈ കാലയളവിൽ നിർമ്മാണവും പരിപാലനവും അറ്റക്കുറ്റപണിയുമെല്ലാം കമ്പനി വഹിക്കണം.

വൈദ്യുതി സ്വീകരിക്കുന്ന ഉഡുപ്പി യെല്ലൂർ പദുബിദ്രിയിലെ പവർ സ്റ്റേഷനിനടുത്തും വൈദ്യുതി എത്തിക്കുന്ന കാസർകോട് ചീമേനിയിലെ കരിന്തളത്തും സബ് സ്റ്റേഷനുകൾ നിർമ്മിക്കും. കരിന്തളത്ത് കമ്പനി 15 ഏക്കർ ഭൂമി വാങ്ങി. പദുബിദ്രിയിൽ സബ്സ്റ്റേഷൻ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. 120 കിലോമീറ്റർ ദൂരം ഓവർ ഹെഡ് ലൈനുകളിലൂടെയാണ് വൈദ്യുതി എത്തിക്കുക. കരിന്തളത്തെ 400 കെ.ബി സബ് സ്റ്റേഷനിൽ 500 മെഗാവാട്ടിന്റെ രണ്ട് ട്രാൻസ്‌ഫോർമറുകളുണ്ടാവും. ഇതിൽ നിന്ന് വൈദ്യുതി നിലവിലെ ലൈനുകളിലേക്ക് കടത്തി വിടും.

സംസ്ഥാനം നൽകേണ്ടത്

പ്രതിമാസം 7.5 കോടി

പദ്ധതി നടപ്പിലാവുമ്പോൾ സംസ്ഥാനം പ്രതിമാസം ഫിക്സഡ് ചാർജായി 7.5 കോടി രൂപ നൽകണം. പവർ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി സംസ്ഥാനങ്ങളും സ്വീകരിച്ചാൽ ചാർജ് ഇതിലും കുറയും. സംസ്ഥാനത്തിന് പുറത്തു നിന്നു ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ വൈദ്യുതിയായിരിക്കും ഇതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. പദ്ധതി നിരീക്ഷിക്കുന്നതിന് ദക്ഷിണേന്ത്യൻ സംസ്ഥാന പ്രതിനിധികളടങ്ങിയ കമ്മിറ്റി കേന്ദ്രം ഉടൻ രൂപീകരിക്കും.

പവർക്കട്ടില്ലാത്ത കേരളം

തമിഴ്നാട്ടിലെ തിരുപ്പൂർ പുകലൂർ നിലയത്തിൽ നിന്ന് രണ്ടായിരം മെഗാവാട്ട് വൈദ്യുതി തൃശൂർ മാടക്കത്തറയിലെത്തിക്കുന്ന പദ്ധതി അടുത്ത മാസാവസാനം പൂർത്തിയാവും. അതോടെ, പവർക്കട്ടില്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് അടുക്കും.