nurse

തിരുവനന്തപുരം: നഴ്സിംഗ് ബിരുദ പഠനത്തിന് എഴുപതിനായിരത്തിലേറെ അപേക്ഷകർ കാത്തുനിൽക്കുമ്പോഴും സീറ്റു കൂട്ടാതെ സർക്കാർ. ആകെ 6335 ബി.എസ്‌സി നഴ്സിംഗ് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. മെരിറ്റിൽ പ്രവേശനം നടത്തുന്ന എൽ.ബി.എസിൽ അരലക്ഷം അപേക്ഷകൾ കിട്ടിയിട്ടുണ്ട്. മാനേജ്മെന്റ് സീറ്റുകളിലേക്ക്, രണ്ട് അസോസിയേഷനുകളാണ് പ്രവേശനം നടത്തുന്നത്. രണ്ടിടത്തും പതിനായിരത്തിലേറെ അപേക്ഷകരായി. കൊവിഡ് കാരണം അന്യസംസ്ഥാനത്ത് നഴ്സിംഗ് പഠനത്തിന് കുട്ടികളെ അയയ്ക്കാൻ മാതാപിതാക്കൾ താത്പര്യപ്പെടാത്തത് അപേക്ഷകരുടെ എണ്ണം ഉയരാൻ കാരണമായി.

സീറ്റ് വർദ്ധിപ്പിക്കൽ ലളിതം

ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിംഗ് കോളേജുകളിൽ സീറ്റു വർദ്ധിപ്പിച്ചപോലെ സർക്കാരിന് 20 ശതമാനം സീറ്റ് നഴ്സിംഗിന് കൂട്ടാവുന്നതേയുള്ളൂ. ഉത്തരവിലൂടെ സീറ്റു വർദ്ധന നടപ്പാക്കാം. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുകയുമില്ല.

കേരളത്തിൽ പഠനസൗകര്യമില്ലാത്തതിനാൽ പതിനായിരത്തിലേറെ കുട്ടികളാണ് എല്ലാവർഷവും തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോവുന്നത്.

127സ്വാശ്രയ നഴ്സിംഗ് കോളേജുകളും ആറ് സർക്കാർ കോളേജുകളുമാണ് ഇവിടെയുള്ളത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കൊച്ചി മെഡിക്കൽ കോളേജുകളിലേ നഴ്സിംഗ് പഠനമുള്ളൂ. മഞ്ചേരി, ഇടുക്കി, കൊല്ലം, പാലക്കാട് തുടങ്ങിയിടങ്ങളിൽ നഴ്സിംഗ് കോഴ്സില്ല. സ്വാശ്രയകോളേജുകളിലെ സീറ്റുകളിൽ 50% സർക്കാരിന് ലഭിക്കും. മെരിറ്റ്, മാനേജ്മെന്റ് സീറ്റുകളിൽ ഒരേഫീസാണ്. ഇരുപത് ശതമാനം സീറ്റുവർദ്ധന അനുവദിച്ചാലും കുട്ടികളെ പഠിപ്പിക്കാൻ കോളേജുകളിൽ സൗകര്യമുണ്ട്.

പുതിയ കോളേജുകൾ എളുപ്പമല്ല

പുതിയ കോളേജുകളും കോഴ്സുകളും അനുവദിക്കുക എളുപ്പമല്ല. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, സർവകലാശാലാ പരിശോധനകൾക്കു ശേഷമേ ഈ അനുമതി ലഭിക്കൂ. കൊവിഡ് സാഹചര്യത്തിൽ ക്ലിനിക്കൽ പരിശീലനത്തിന് മാനദണ്ഡപ്രകാരം വിദ്യാർത്ഥി-രോഗി അനുപാതം ലഭിക്കാനും പ്രയാസമാണ്.

@ ബി.എസ്‌സി നഴ്സിംഗ്

 ആകെ സീറ്റ്: 6235

 സർക്കാ‌ർ കോളേജുകളിൽ: 375

 സ്വാശ്രയ കോളേജുകളിൽ: 5860