വെള്ളറട: വെള്ളറടയിൽ സമ്പർക്കംമൂലം കൊവിഡ് വ്യാപകമാകുന്നു. ഇന്നലെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 15 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. അൻപതുപേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. കേരള-തമിഴ്നാട് അതിർത്തിയായ പനച്ചമൂട്ടിലാണ് രോഗ ബാധിതർ കൂടുതൽ. പനച്ചമൂട്ടിൽ 5, വെള്ളറട മുട്ടച്ചലിൽ ഒരു കുടുംബത്തിലെ 4 പേർക്കും, കിളിയൂർ 2, കുടയാൽ 2, മണ്ണാംകോണം അരുവോട്ടുകോണത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും പുലിയൂർശാലയിൽ ഒരാൾക്കുമാണ് കൊവിഡ്. അതിർത്തിയിൽ ഒരു നിയന്ത്രണവുമില്ലാതെ ജനങ്ങൾ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നു. അതിർത്തി കടന്ന് പനച്ചമൂട്ടിൽ എത്തുന്നവരുടെ എണ്ണവും ഏറുകയാണ്. പൊലീസ് കേരള അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉൗടുവഴികളിയൂടെ എത്തുന്നവരാണ് ഏറെയും. പനച്ചമൂട്ടിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നു. ഇവിടെ നിന്നു സാധനങ്ങൾ വാങ്ങാനാണ് അതിർത്തി കടന്ന് എത്തുന്നത്. എന്നാൽ ഇവിടത്തെ കച്ചവടസ്ഥാപനങ്ങളിൽ ശരിയായ രീതിയിലുള്ള നിയന്ത്രണങ്ങളോ സാമൂഹ്യ അകലമോ പാലിക്കുന്നില്ല.