തിരുവനന്തപുരം: ഒരുതെളിവും ബാക്കിവയ്ക്കാതെ പൊലീസ് കുഴിച്ചുമൂടിയ ഫോർട്ട് ഉരുട്ടിക്കൊലക്കേസിൽ 13വർഷത്തിനുശേഷം സത്യംകണ്ടെത്തി രണ്ട് പൊലീസുകാർക്ക് കൊലക്കയർ വാങ്ങിനൽകിയ സി.ബി.ഐയുടെ പുതിയദൗത്യം നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിക്കൊലക്കേസിലെ സത്യം കണ്ടെത്തുകയാണ്.
ക്രൈംബ്രാഞ്ച് ക്ലീൻചിറ്റ് നൽകിയ ജില്ലാപൊലീസ് മേധാവി കെ.ബി.വേണുഗോപാൽ, ഡിവൈ.എസ്.പിയടക്കമുള്ള ഉന്നതഉദ്യോഗസ്ഥരുടെ പങ്കും ചികയുന്നുണ്ട് . പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടറും ജയിൽ ഉദ്യോഗസ്ഥരും റിമാൻഡ് ചെയ്ത മജിസ്ട്രേറ്റുമടക്കം സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
ഇടുക്കിയിലെ ഹരിതാഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടിയ രാജ്കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യാതെ നെടുങ്കണ്ടം സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച് ഉരുട്ടൽ അടക്കം പ്രാകൃതവും ക്രൂരവുമായ മൂന്നാംമുറയ്ക്ക് വിധേയനാക്കുകയായിരുന്നു. മൂന്നുദിവസത്തിനുശേഷം അവശനായ രാജ്കുമാറിനെ എണ്ണയിട്ട് തിരുമ്മിയശേഷം താലൂക്കാശുപത്രിയിലെത്തിച്ച് ചികിത്സിച്ചു. മൂന്നുദിവസത്തിനുശേഷം സ്ട്രെക്ചറിൽ മജിസ്ട്രേറ്റിനു മുന്നിലെത്തിച്ചു. റിമാന്റിലായ രാജ്കുമാർ അഞ്ചുദിവസത്തിനുശേഷം പീരുമേട് ജയിലിൽ മരിച്ചു.മരണകാരണം ന്യൂമോണിയയാണെന്ന് വരുത്തിതീർത്ത പൊലീസ്, തെളിവുകളെല്ലാം നശിപ്പിച്ചു. സി.സി.ടി.വി ഓഫാക്കിയിട്ടു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്രുന്നത് വൈകിപ്പിച്ചു. രേഖകളിൽ തിരിമറി നടത്തിയിട്ടുണ്ട്.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പി വേണുഗോപാലിന്റെ അറിവോടെയാണെന്ന് എസ്.ഐ.സാബു ഹൈക്കോടതിയെ അറിയിച്ചെങ്കിലും, എസ്.പിയെയും ഡിവൈ.എസ്.പിയെയും ക്രൈംബ്രാഞ്ച് കേസിൽ നിന്ന് ഒഴിവാക്കി. നെടുങ്കണ്ടത്തെ എസ്.ഐയായിരുന്ന സാബുവടക്കം ഏഴ് പൊലീസുകാരാണ് സിബിഐ കേസിലെ പ്രതികൾ.
ശാസ്ത്രീയ തെളിവുകൾ
രാജ്കുമാറിന്റെ മരണകാരണം ക്രൂരമർദ്ദനമാണെന്ന റീ-പോസ്റ്റുമാർട്ടം റിപ്പോർട്ട്. ആദ്യംകണ്ടെത്തിയ 32മുറിവുകൾക്ക് പുറമെ 22പുതിയ പരിക്കുകൾ റീ-പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ പിൻഭാഗത്തും തുടകളിലുമുണ്ടായ ചതവുകളാണു മരണകാരണം. മർദ്ദനത്തിൽ വൃക്കയടക്കം അവയവങ്ങൾ തകരാറിലായി. തുടകളിൽ 4.5സെ.മീ കനത്തിൽ ചതവുണ്ടായി. നടുവിന് 20സെന്റിമീറ്ററിലേറെ നീളമുള്ള ചതവേറ്റു.
ഉരുട്ടിക്കൊല..?
നെടുങ്കണ്ടം സ്റ്റേഷനിലെ ബഞ്ചിൽകിടത്തി രാജ്കുമാറിനെ ഉരുളൻതടിയുപയോഗിച്ച് ഉരുട്ടിയെന്ന് സി.ബി.ഐ പറയുന്നു. തുടകളിലെ പേശികൾ ചതഞ്ഞിട്ടുണ്ട്. ഉരുളൻ തടികൊണ്ട് അമർത്തിയതിന്റെയും കുത്തിയതിന്റെയും പാടുകൾ ശരീരത്തിലുണ്ട്. കാൽവെള്ളയിൽ ഭാരമുള്ള വസ്തുകൊണ്ടടിച്ചു, കാൽവിരലുകളുടെ അസ്ഥി തകർന്നു.
മുൻ എസ്.പിയെയും ഡിവൈ.എസ്.പിമാരെയും ചോദ്യംചെയ്തു
തിരുവനന്തപുരം: നെടുങ്കണ്ടം സ്റ്റേഷനിൽ രാജ്കുമാർ കസ്റ്റഡിയിൽ മരിച്ച കേസിൽ ഇടുക്കി മുൻ എസ്.പിയും ഭീകരവിരുദ്ധ സേനാ തലവനുമായിരുന്ന കെ.ബി വേണുഗോപാലിനെയും ഡിവൈ.എസ്.പിമാരായിരുന്ന ഷംസ്, അബ്ദുൾ സലാം എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്തു. നോട്ടീസ് നൽകി വിളിച്ചുവരുത്തി സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് ചോദ്യം ചെയ്തത്. വേണുഗോപാലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ കോടതിയിൽ സി.ബി.ഐ എതിർത്തതിന് പിന്നാലെയാണിത്. 2019 ജൂൺ 21നാണ് വാഗമൺ സ്വദേശിയായ രാജ്കുമാർ പീരുമേട് ജയിലിൽ വച്ച് മരിച്ചത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പി വേണുഗോപാലിന്റെ അറിവോടെയായിരുന്നെന്നാണ് സി.ബി.ഐ പറയുന്നത്. കസ്റ്റഡി മർദ്ദനം തടയുന്നതിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ടായിരുന്നുവെന്നും സി.ബി.ഐ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മൊഴികൾ പരിശോധിച്ച ശേഷം വേണുഗോപാലിനെ അറസ്റ്റുചെയ്യുമെന്നും സി.ബി.ഐ വ്യക്തമാക്കി. സി.ബി.ഐയുടെ കേസിൽ എസ്.ഐ. കെ.എ.സാബുവാണ് ഒന്നാംപ്രതി. എ.എസ്.ഐ. സി.ബി.റെജിമോൻ, പൊലീസ് ഡ്രൈവർമാരായ പി.എസ്.നിയാസ്, സജീവ് ആന്റണി, എ.എസ്.ഐയും റൈറ്ററുമായ റോയി പി.വർഗീസ്, സി.പി.ഒ. ജിതിൻ കെ.ജോർജ്, ഹോംഗാർഡ് കെ.എം.ജെയിംസ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ട്. ആരോപണ വിധേയനായ എസ്.പി വേണുഗോപാലിനെ ഇടുക്കിയിൽ നിന്ന് സ്ഥലംമാറ്റി രക്ഷിക്കുകയായിരുന്നു.പിന്നീട് വിരമിച്ചു.