നെടുമങ്ങാട്: കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ കേസുകളിലെ കാലതാമസം ഒഴിവാക്കാൻ നെടുമങ്ങാട്ട് പോക്സോ കോടതി വരുന്നു.നഗരസഭയുടെ കീഴിലെ നെട്ട കമ്മ്യൂണിറ്റി ഹാൾ കോടതി പ്രവർത്തിക്കുന്നതിന് സൗജന്യമായി വിട്ടു നൽകിയിട്ടുണ്ട്. ഇവിടെ, ചേംബർ, ഡയസ്, ഫ്രണ്ട് റൂം, ഓഫീസ് എന്നിവ സജ്ജീകരിക്കുന്നതിന് സർക്കാർ എട്ടു ലക്ഷം രൂപ അനുവദിച്ചു. ജില്ലാ ജഡ്ജി, ശിരസ്തദാർ, പബ്ലിക് പ്രോസിക്യൂട്ടർ, ക്ളാർക്കുകൾ,​ ടൈപ്പിസ്റ്റുകൾ തുടങ്ങി മുഴുവൻ തസ്തികകളിലേക്കും നിയമനവും പൂർത്തിയായി. 30നകം പ്രവർത്തനം ആരംഭിക്കാനാണ് തിരക്കിട്ട നടപടികൾ. സംസ്ഥാനത്ത് പുതുതായി 28 പോക്സോ കോടതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒന്നര മാസം മുമ്പാണ് നെടുമങ്ങാട്ട് കോടതി അനുവദിച്ചത്. അന്താരാഷ്ട്ര വേൾഡ് മാർക്കറ്റ് സമുച്ചയത്തിൽ കോടതിക്ക് ആവശ്യമായ സൗകര്യം ഒരുക്കാനായിരുന്നു ആദ്യഘട്ടത്തിലെ ആലോചന. വാടക ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരിൽ ചിലരുടെ ഉരുണ്ടുകളിയെ തുടർന്ന് നടപടികൾ നീണ്ടു പോവുകയായിരുന്നു. നെടുമങ്ങാടിനൊപ്പം അനുവദിച്ച ആറ്റിങ്ങൽ പോക്സോ കോടതി പ്രവർത്തനം തുടങ്ങിയിട്ടും നെടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ നടപടികൾ ഇഴയുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നെടുമങ്ങാട് ബാർ അസോസിയേഷൻ നഗരസഭ കൗൺസിലിനു നൽകിയ നിവേദനം പരിഗണിച്ച് ചെയർമാൻ ചെറ്റച്ചൽ സഹദേവൻ മുൻകൈയെടുത്താണ് നെട്ടയിലെ കമ്മ്യൂണിറ്റി ഹാൾ വിട്ടുകൊടുത്തത്.

 9 ജില്ലാ കോടതികളുടെ തലയെടുപ്പോടെ മലനാട്

പോക്സോ കോടതി യാഥാർത്ഥ്യമാവുന്നതോടെ ഒമ്പത് ജില്ലാ കോടതികളുടെ തലയെടുപ്പുമായി മലനാടിന്റെ നീതി നിർവഹണത്തിൽ നാഴികക്കല്ലാവുകയാണ് ചരിത്രമുറങ്ങുന്ന നെടുമങ്ങാട് പട്ടണം. പ്രതിവർഷം 500 ലേറെ കേസുകൾ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ നെടുമങ്ങാട് പൊലീസ് ഡിവിഷന് കീഴിലെ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. വിചാരണ കാലതാമസം കാരണം ഒട്ടുമിക്ക കേസുകളിലും നീതി ഉറപ്പായിട്ടില്ലെന്ന ആക്ഷേപം നിലവിലുണ്ട്. വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച മോട്ടോർ ആക്സിഡന്റ് ട്രൈബ്യൂണൽ കോടതി (എം.എ.സി.ടി) തസ്തിക അനുവദിക്കാതെ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. പോക്സോ കോടതി അനുവദിച്ച് ഉത്തരവായതിനു പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയായത് കൂട്ടായ പ്രവർത്തന മികവിലൂടെയാണ്. മജിസ്‌ട്രേട്ട് കോടതി -2, മുനിസിഫ് കോടതി -2, സബ് കോടതി, ജില്ലാ കുടുംബ കോടതി, ജില്ലാ വനം കോടതി എന്നിവയാണ് നിലവിൽ നെടുമങ്ങാട്ട് പ്രവർത്തിക്കുന്ന കോടതികൾ.