തിരുവനന്തപുരം : കോർപറേഷന്റെ പുതിയ സെക്രട്ടറിയായി ആർ.എസ്. അനുവിനെ നിയമിച്ചു. നിലവിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയാണ്. തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിയായിരുന്ന എൽ.എസ്. ദീപ സ്ഥാനക്കയറ്റം ലഭിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ജോയിന്റ് സെക്രട്ടറിയായ ഒഴിവിലാണ് പുതിയ നിയമനം. നിലവിൽ കൊച്ചിയിൽ ചെയ്തുവരുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ അനു ചുമതലയേൽക്കും.
കോർപറേഷന്റെ മൂന്നാമത് വനിതാ സെക്രട്ടറിയാണ് അനു. ആലപ്പുഴ, പത്തനംതിട്ട, ചെങ്ങന്നൂർ,ചങ്ങനാശേരി, ചേർത്തല നഗരസഭകളിൽ അനു സെക്രട്ടറിയായും കൊല്ലത്ത് അഡീ.സെക്രട്ടറിയായും പ്രവർത്തിച്ചു. കൊല്ലം സ്വദേശിയാണ്. ഭർത്താവ് ജയദീപ് എൻജിനീയറാണ്. ഏകമകൻ വൈഭവ് പ്ലസ് വൺ വിദ്യാർത്ഥി.
നാലരവർഷം പൂർത്തിയാക്കി ദീപ
2000ത്തിന് ശേഷം ദീർഘകാലം സെക്രട്ടറിയായിരുന്ന വ്യക്തിയാണ് ദീപ. അഡീഷണൽ സെക്രട്ടറിയായിരുന്ന ഇവർ 2015 മുതലാണ് സെക്രട്ടറിയായത്. ഭരണസമിതിക്കൊപ്പം ചേർന്ന് വികസന കാര്യങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന ദീപയ്ക്ക് രണ്ട് വർഷം മുമ്പ് സ്ഥലംമാറ്റം വന്നെങ്കിലും നഗരസഭയുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്ന് അന്നത്തെ മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ ഭരണസമിതി ഒറ്റക്കെട്ടായി സർക്കാരിനെ അറിയിച്ചിരുന്നു. ഭർത്താവ് ബാബുപോൾ, അഭിഭാഷകനാണ്. മക്കൾ: നന്ദന ബാബു (ഒമ്പതാം ക്ലാസ്), അനന്തപത്മനാഭൻ (രണ്ടാം ക്ലാസ്).