പാറശാല: കാർഷിക ഗ്രാമങ്ങൾ അടങ്ങുന്ന കാരോട് ഗ്രാമ പഞ്ചായത്തിലെ കർഷകർക്ക് ഒറ്റ ചോദ്യമേ ഉള്ളൂ. വെൺകുളത്തിൽ ഇനി എന്ന് വെള്ളം നിറയും? പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ വെൺകുളം നവീകരണത്തിന്റെ പേരിൽ വറ്റിച്ചിട്ട് ഒൻപത് വർഷത്തിലേറെയായി. പഞ്ചായത്ത് ഓഫിസിന് മുൻപിലായി സ്ഥിതി ചെയ്യുന്നതും പത്തേക്കറിലധികം വിസ്തൃതിയുള്ളതുമായ കുളം കഴിഞ്ഞ ഒൻപത് വർഷക്കാലമായി പുല്ല് പിടിച്ച് ഉപയോഗ ശൂന്യമായ നിലയിൽ അവശേഷിക്കുകയാണ്. പഞ്ചായത്തിലെ കർഷകർക്ക് കൃഷിക്ക് ഉപകരിക്കുക എന്നതിലുപരി പ്രദേശത്തെ കിണറുകളിൽ വെള്ളം വറ്റാതിരിക്കുന്നതിനും കാരണമായിരുന്നു വെൺകുളം. കുളത്തിന്റെ നിർമ്മാണത്തിൽ അഴിമതി ആരോപിക്കപ്പെടുകയും വിജിലൻസ് കേസ് അന്വേഷിക്കുകയും ചെയ്തു. തുടർന്ന് വിജിലൻസ് അന്വേഷണം നടക്കവെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ പരാജയത്തിലും വെൺകുളത്തിന്റെ സാന്നിധ്യമുണ്ടെന്നത് വസ്തുതാപരമാണ്. നിലവിലെ ഭരണസമിതയും കുളത്തിന്റെ പുനരുദ്ധാരണത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുളത്തിൽ വെള്ളം ഇല്ലാതായതോടെ പ്രദേശത്തെ കർഷകർ പ്രതിസന്ധിയിലായി എന്ന് മാത്രമല്ല സമീത്തെ മിക്ക കിണറുകളിലും വെള്ളം വറ്റുകയും ചെയ്തു. കുളത്തിന്റെ നവീകരണത്തിനായി തടസമായി ഉണ്ടായിരുന്ന വിജിലൻസ് കേസുകൾക്ക് ഒരു പരിധി വരെ തീർപ്പായിട്ടുണ്ടെന്നും, കുളം നവീകരണത്തിനായി സർക്കാർ 95 ലക്ഷം രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു നടപടികളും ഉണ്ടായില്ല എന്നതാണ് നാട്ടുകാരുടെ പരാതി.
പദ്ധതിയുടെ തുടക്കവും ഒടുക്കവും
വെൺകുളത്തിന്റെ നവീകരണത്തിനായി പഞ്ചായത്ത് അധികൃതർ നടപ്പിലാക്കിയ പദ്ധതികൾ പ്രകാരം കൂടുതൽ ജലം സംഭരിച്ച് നിറുത്തുക എന്ന ലക്ഷ്യത്തോടെ ആഴം കൂട്ടി കരകളിൽ കരിങ്കൽ ഭിത്തികൾ നിർമ്മിച്ച് ഉറപ്പ് വരുത്തുക എന്നതായിരുന്നു ഉദ്ദേശ്യം. പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി പാതിവഴിയിൽ എത്തിയപ്പോഴേക്കും തന്നെ പ്രവർത്തനങ്ങൾക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നു. കുളം അമിതമായി കുഴിച്ച് മണലും കളിമണ്ണും ക്രാമാതീതമായി കടത്തുന്നതായ ആരോപണത്തെ തുടർന്ന് കുളത്തിന്റെ കരയിൽ പുതുതായി നിർമ്മിച്ച സംരക്ഷണ ഭിത്തി തകർന്നതോടെ ആരോപണങ്ങൾക്ക് ആക്കം കൂടുന്നതിനും പ്രവർത്തങ്ങൾ തടസപ്പെടുന്നതിനും കാരണമായി.