തിരുവനന്തപുരം: രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സാമ്പത്തിക ഭദ്രതയും ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ, ശക്തമായ ദേശീയ ബദലിന് രൂപം നൽകാൻ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിക്ക് കത്തയച്ചു.
താങ്കളുടെ മുത്തച്ഛൻ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്പികൾ ഏറെ കരുതലോടെ തയാറാക്കിയ ഭരണഘടനയുടെ അന്തഃസത്ത തന്നെ ഇപ്പോഴത്തെ ഭരണാധികാരികൾ ഇല്ലാതാക്കുകയുമാണ്. രാജ്യത്തിന്റെ സനാതന മൂല്യങ്ങളെയാണ് സാമ്പത്തികസ്വാധീനവും അധികാര ദുർവിനിയോഗവും കൊണ്ട് നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ട് വെല്ലുവിളിക്കുന്നത്. കർണാടകയിലും മദ്ധ്യപ്രദേശിലും ജനങ്ങൾ തിരഞ്ഞെടുത്ത കോൺഗ്രസ് സർക്കാരുകളെ അവർ പണം മുടക്കി അട്ടിമറിച്ചു. എന്നാൽ രാഹുലിന്റെ അവസരോചിതമായ ഇടപെടൽ മൂലം രാജസ്ഥാനിൽ അശോക് ഗഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ നിലനിറുത്താനായി.
ജനപ്രതിനിധികളും പ്രവർത്തകരും പാർട്ടിവിട്ടു പോകുന്നത് തടയാൻ താങ്കളുടെ നേതൃത്വം മൂലം കഴിയുമെന്നതിന് ഉദാഹരണമാണ് രാജസ്ഥാനിലെ ഉജ്വലമായ മടങ്ങിവരവ്. ഇതു നിലനിറുത്തേണ്ടതുണ്ട്.2019 ലെ ദേശീയ തിരഞ്ഞെടുപ്പിൽ യു.പി.എയുടെ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിലൂടെ ഉന്നതമായ രാഷ്ട്രീയ കുലീനത്വമാണ് താങ്കൾ കാണിച്ചത്. ഒമ്പത് മാസങ്ങൾക്കുള്ളിൽ ബീഹാറിലേക്കും മറ്റ് അഞ്ച് സംസ്ഥാനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നെടുത്ത തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ സമയമായെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.