ashaa

വർക്കല: വർക്കല താലൂക്കിലെ ആശാപ്രവർത്തകരുടെ അമിത ജോലിഭാരവും നിരീക്ഷണത്തിൽ കഴിയുന്ന ചിലരുടെ പരിഹാസവും ഇവരെ മാനസിക സമ്മർദ്ദത്തിലാക്കുന്നതായി ആക്ഷേപം. രോഗ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ആശാവോളന്റിയർമാരാണ് അവഗണന നേരിടുന്നത്.

ഉറവിട നശീകരണ പ്രവർത്തനങ്ങൾ, വീടുകളിലെ ബ്ലീച്ചിംഗ് പൗഡർ വിതരണം, കുട്ടികൾക്കായുള്ള വിവിധ പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ഗൃഹസന്ദർശനം നടത്തി വിവരശേഖരണം തുടങ്ങി വിവിധ പതിവ് ജോലികൾ നടത്തുന്നതിനും ഇവർക്ക് കഴിയുന്നില്ല. ഒരു മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ചു വയസുവരെയുള്ള കുട്ടികളെ ബി.സി.ജി കുത്തിവയ്പ്, മണ്ണൻ പനി, റൂബെല്ല എന്നിവയ്ക്കുള്ള ഇഞ്ചക്ഷനുകൾ എടുക്കുന്നതിനും മുടക്കം വരുന്നതായും പരാതിയുണ്ട്. കുട്ടികൾക്ക് ഇഞ്ചക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ഇവർക്ക് ലഭിക്കുന്ന ഇൻസെന്റീവുകളും യഥാസമയം കിട്ടുന്നില്ലെന്നു പരാതിയുണ്ട്. ക്വാറന്റൈൻ കാലത്തെ നിർദേശങ്ങൾ ലംഘിച്ച് പൊതുസമൂഹത്തിൽ ഇറങ്ങുന്നവരെ കുറിച്ചുള്ള വിവരം ഇവരുടെ അയൽവാസികൾ പൊലീസിനും ആരോഗ്യവകുപ്പിനും കൈമാറാറുണ്ട്.

തുടർന്ന് നിയമപരമായ ഇടപെടലുകൾ ഉണ്ടാകുമ്പോൾ ഇതിന്റെ ദേഷ്യം മുഴുവൻ ആശാവോളന്റിയർമാർക്ക് നേരെയാണ് പലരും പ്രകടിപ്പിക്കുന്നത്.

ജോലിയുടെ ഭാഗമായി തന്നെ ആശാവോളന്റിയർമാർക്ക് ക്വാറന്റൈനിൽ കഴിയുന്നവരെ ദിവസേന ഫോണിൽ ബന്ധപ്പെടേണ്ടതുണ്ട്. ഇതോടൊപ്പം ഇവർ സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഇവരുടെ ചുമതലയാണ്. ചില അവസരങ്ങളിൽ നിജസ്ഥിതി മനസിലാക്കാൻ ഗൃഹ സന്ദർശനം നടത്തുന്ന അവസരത്തിൽ ഇവരെ കാണുമ്പോൾ തന്നെ വാതിലുകൾ കൊട്ടിയടയ്ക്കുന്ന അവസ്ഥയും നിലനിൽക്കുന്നു.

ഒരു മാസം 250 വീടുകൾ ഗൃഹസന്ദർശനം നടത്തി വിവരശേഖരണം നടത്തുന്ന ഇക്കൂട്ടർക്ക് കൊവിഡ് കാലത്ത് ഇത്തരം ജോലികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിടുന്നു. വർക്കല താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടെ താലൂക്കിൽ 200 ഓളം ആശാവർക്കർമാരാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുകളിൽ പ്രവർത്തിക്കുന്നത്. കൊവിഡ് ഫലം പോസിറ്റീവാകുന്ന അവസരത്തിൽ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്ന ആശാവർക്കർമാർക്ക് മതിയായ സുരക്ഷാസംവിധാനങ്ങൾ ലഭിക്കുന്നില്ല. സാനിറ്റൈസർ, മാസ്ക്, പി.പി.ഇ കിറ്റ് എന്നിവ ലഭിക്കുന്നില്ല. ആശാവർക്കർമാരുടെ ആരോഗ്യ സുരക്ഷയ്ക്ക് ആവശ്യമായ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.