തിരുവനന്തപുരം :നഗരത്തിലെ വാഹന പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമായി നഗരസഭയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് എതിർവശത്ത് നിർമ്മിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റത്തിന്റെ നിർമ്മാണോദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, കൗൺസിലർ അഡ്വ. എം.ജയലക്ഷ്മി, സ്മാർട്ട് സിറ്റി സി.ഇ.ഒ പി.ബാലകിരൺ, സ്മാർട്ട് സിറ്റി ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ എന്നിവർ സംബന്ധിച്ചു. നഗരസഭ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് 5 നിലകളുള്ള പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നത്. നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.

ലക്ഷ്യം

കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ, മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പ്രവർത്തനം

50 കാറുകൾക്കും 400 ഇരുചക്രവാഹനങ്ങൾക്കും ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പാർക്കിംഗ് കേന്ദ്രമാണ് ഒരുങ്ങുന്നത്.സി.സി. ടി.വി നിരീക്ഷണവും മറ്റ്
ആധുനിക സൗകര്യങ്ങളുമുള്ള ഈ പദ്ധതിക്ക് 22.90 കോടി രൂപ ചെലവ് വരും.