തിരുവനന്തപുരം: ജില്ലയിൽ ആശങ്ക നിറച്ച് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു. ഇന്നലെ 297 പേർക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കും ഇതു തന്നെ. 279 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 11 കേസുകളും തലസ്ഥാനത്തുണ്ട്. അതേസമയം 498 പേർക്ക് രോഗമുക്തിയുണ്ടായത് നേരിയ ആശ്വാസം പകരുന്നു. ഇന്നലെ ജില്ലയിൽ മൂന്നു മരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 8ന് മരണമടഞ്ഞ തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ (68),ആഗസ്റ്റ് 1ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മണിയൻ (80),വെള്ളനാട് സ്വദേശിനി പ്രേമ (52) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.രോഗവ്യാപനം കൂടുതലുള്ള തലസ്ഥാനത്ത് പരിശോധന വർദ്ധിപ്പിക്കും. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 9.2 ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.12 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ പരിധിയിൽ 66പേർക്കും പോസിറ്റീവായി. കരമനയിൽ കണ്ടെയ്ൻമെന്റ് സോണുകൾ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ ജനങ്ങൾ മുൻകൈയെടുത്തു. ഈ മാതൃക ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. ജനമൈത്രി പൊലീസിന്റെ സഹായത്തോടെ ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കും. നാട്ടുകാരുടെ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകെ നിരീക്ഷണത്തിലുള്ളവർ -19,370
വീടുകളിൽ -15,684
ആശുപത്രികളിൽ -2,955
കെയർ സെന്ററുകളിൽ -731
പുതുതായി നിരീക്ഷണത്തിലായവർ -886